ചെന്നൈ : പരിയേറും പെരുമാൾ എന്ന സിനിമയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ശ്വാനതാരത്തിന് ദാരുണാന്ത്യം. വാഹനമിടിച്ചുണ്ടായ അപകടത്തിലാണ് കറുപ്പി എന്ന നായ വിട വാങ്ങിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ നായയെ വാഹനം ഇടിക്കുകയായിരുന്നു.
ചിപ്പിപ്പാറ ഇനത്തിൽപ്പെട്ട പ്രാദേശിക നായ്ക്കളുടെ സങ്കര ഇനമായിരുന്നു കറുപ്പി. മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാളിൽ കറുപ്പി എന്ന പേരിൽ തന്നെയായിരുന്നു ഈ നായ അഭിനയിച്ചിരുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തുവിന്‍റെ വളര്‍ത്തുനായയായിരുന്നു കറുപ്പി.
കറുപ്പിയുടെ നിര്യാണത്തെ തുടർന്ന് വിജയമുത്തു അന്ത്യകർമങ്ങൾ നടത്തി മൃതദേഹം സംസ്‌കരിച്ചു. ഈ ദാരുണമായ സംഭവത്തിൽ പരിയേറും പെരുമാൾ സിനിമയുടെ നിരവധി ആരാധകർ കറുപ്പിക്ക് അനുശോചനങ്ങൾ രേഖപ്പെടുത്തി.
Discussion about this post