ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാരിൽ നിന്നുള്ള പണമൊഴുക്കിൽ ഇന്ത്യ വീണ്ടും ചരിത്രനേട്ടം കുറിച്ചു. 2024-ൽ രാജ്യത്തെത്തിയ പ്രവാസി വരുമാനം 137 ബില്യൺ ഡോളർ (ഏകദേശം 11.4 ലക്ഷം കോടി രൂപ) കടന്നതായി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പുറത്തിറക്കിയ ‘വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2026’ വ്യക്തമാക്കുന്നു.
ഈ നേട്ടത്തോടെ, ആഗോളതലത്തിൽ 100 ബില്യൺ ഡോളറിന് മുകളിൽ പ്രവാസി വരുമാനം ലഭിക്കുന്ന ഏക രാജ്യമായി ഇന്ത്യ മാറി. 68 ബില്യൺ ഡോളറുമായി മെക്സിക്കോ രണ്ടാം സ്ഥാനത്തും, 48 ബില്യൺ ഡോളറുമായി ചൈന മൂന്നാം സ്ഥാനത്തുമാണ്. 2010-ൽ 53 ബില്യൺ ഡോളറായിരുന്ന വരുമാനമാണ് ഇപ്പോൾ 137 ബില്യണിൽ എത്തിനിൽക്കുന്നത്. കഴിഞ്ഞ 14 വർഷത്തിനിടെ വരുമാനത്തിൽ ഇരട്ടിയിലധികം വർദ്ധനവുണ്ടായി.
ഏകദേശം 1.9 കോടി ഇന്ത്യക്കാരാണ് നിലവിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. യു.എ.ഇ, യു.എസ്.എ, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യക്കാർ കൂടുതലുള്ള രാജ്യങ്ങൾ. മുൻപ് നിർമ്മാണ മേഖലകളിൽ നിന്നുളള വരുമാനമായിരുന്നു പ്രധാനമെങ്കിൽ, ഇപ്പോൾ ഐടി, ആരോഗ്യം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ ഉയർന്ന ശമ്പളമുള്ള തൊഴിലുകളിൽ നിന്നുള്ള വരുമാനം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.
വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും ഇന്ത്യ മുന്നിലാണ്. 6.2 ലക്ഷം വിദ്യാർത്ഥികളുമായി ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിൽ നിന്നാണ് ലോകത്ത് ഏറ്റവും കൂടുതൽ പണം പുറത്തേക്ക് പോകുന്നത് . സൗദി അറേബ്യ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലും വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിലും ഈ പ്രവാസി വരുമാനം നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.









