തന്റെ പാർട്ടിക്ക് പുതിയൊരു വിഭാഗം തുടങ്ങുന്നതായി പ്രഖ്യാപിച്ച് ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. നരസിംഹ വരാഹി ബ്രിഗേഡ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഹിന്ദുമതത്തെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശിക്കുന്നർക്കും മറ്റു രീതിയിൽ അപമാനിക്കുന്നവർക്കും എതിരെ നടപടിയെടുക്കുവാനാണ് നരസിംഹ വാരാഹി ബ്രിഗേഡ് രൂപീകരിച്ചിരിക്കുന്നത്.
“ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എൻ്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു. സനാതന ധർമ്മത്തെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരും അനാദരവോടെ സംസാരിക്കുന്നവരും അതിൻ്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. അങ്ങനെ ഞങ്ങളുടെ പാർട്ടിക്കുള്ളിൽ ‘നരസിംഹ വരാഹി’ എന്ന പേരിൽ ഒരു സമർപ്പിത വിഭാഗം ഞാൻ സ്ഥാപിക്കുകയാണ്. സനാതന ധർമ്മ സംരക്ഷണത്തിനായുള്ള ബ്രിഗേഡ്,” പുതിയ ബ്രിഗേഡിൻ്റെ ഉദ്ദേശ്യം വിശദീകരിച്ചുകൊണ്ട് കല്യാണ് പറഞ്ഞു.
തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദത്തിൽ മായം കലർന്ന നെയ്യ് ഉപയോഗിക്കുന്നത് സംബന്ധിച്ച് അടുത്തിടെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് ഈ പ്രഖ്യാപനം.
സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനും അതിൻ്റെ വിശ്വാസങ്ങളെ അനാദരിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനുമായി ശക്തമായ ദേശീയ നിയമത്തിനായി കഴിഞ്ഞ മാസം കല്യാൺ ശബ്ദമുയർത്തിയിരിന്നു .
“സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനും അതിൻ്റെ വിശ്വാസങ്ങൾക്ക് ദോഷം വരാതിരിക്കാനും ഒരു ശക്തമായ ദേശീയ നിയമം ആവശ്യമാണ്. ഈ നിയമം ഉടനടി നടപ്പിലാക്കുകയും ഭാരതത്തിൽ ഉടനീളം ഒരേപോലെ നടപ്പിലാക്കുകയും വേണം.” തിരുപ്പതിയിലെ വരാഹി പ്രഖ്യാപന പരിപാടിയിൽ അദ്ദേഹം പറഞ്ഞു,
Discussion about this post