കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ സംശയ നിഴലിൽ നിൽക്കുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയൻ വീണ്ടും കുരുക്കിൽ. കണ്ണൂർ കളക്ടർക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സി.പി.ഐ. നേതാക്കള്‍. ആറളം ഫാംഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരേയാണ് ഫാം ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. കളക്ടര്‍ക്കെതിരായ പരാതി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും റവന്യൂമന്ത്രിക്കും കണ്ണൂരിലെ നേതാക്കള്‍ നല്‍കിയിട്ടുണ്ട്
സഹപ്രവര്‍ത്തകന്റെ മരണത്തിന് മൗനാനുവാദിയായി നിന്ന കളക്ടര്‍ അരുണ്‍ കെ. വിജയനാണ് ഫാം പാട്ടത്തിന് നല്‍കാന്‍ മുന്‍കൈയെടുക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഫാം ഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത് എല്‍.ഡി.എഫ്. നയത്തിന് വിരുദ്ധമാണ്. ഫാമിന്റെ കണ്ണായ ഭൂമിയാണ് പാട്ടക്കരാറിലൂടെ കൈമാറുന്നത്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കളക്ടര്‍ക്ക് ആര് അധികാരം നല്‍കിയെന്നാണ് സി പി ഐ നേതാക്കൾ ചോദിക്കുന്നത്.
പട്ടികവര്‍ഗ വികസന വകുപ്പ് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ഫാമില്‍ തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. വ്യക്തികള്‍ക്ക് നല്‍കിയാല്‍ ഇതെല്ലാം ലംഘിക്കപ്പെടും. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണം നഷ്ടത്തിലായതിന്റെ പേരിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നതെന്നും സി പി ഐ നേതാക്കൾ തുറന്നടിച്ചു.
സി.പി.ഐ. ജില്ലാ അസി. സെക്രട്ടറിമാരായ കെ.ടി. ജോസും എ. പ്രദീപനുമാണ് പരസ്യ വിമര്‍ശനമുന്നയിച്ചത്
Discussion about this post