മുംബൈ : മുംബൈയിലെ ബിജെപി അധ്യക്ഷന് ഭായ് ദൂജ് ചടങ്ങ് നടത്തി ഇതിഹാസ ഗായിക ആശാ ബോസ്ലെ. കാർത്തിക ദ്വിതീയ ദിനത്തിൽ സഹോദരിമാർ തങ്ങളുടെ സഹോദരങ്ങൾക്കായി നടത്തുന്ന ചടങ്ങാണ് ഭായ് ദൂജ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഈ ആഘോഷം രക്ഷാബന്ധൻ ആഘോഷങ്ങളുമായി ഏറെ സാമ്യം ഉള്ളവയാണ്.
മുംബൈയിലെ ബിജെപി അധ്യക്ഷനായ ആശിഷ് ഷെലാറിനൊപ്പം ആണ് ആശ ബോസ്ലെ ഭായ് ദൂജ് ആഘോഷിച്ചത്. ആശിഷ് തന്റെ സ്വന്തം സഹോദരനെ പോലെ തന്നെയാണെന്ന് ആശ ബോസ്ലെ വ്യക്തമാക്കി. ചടങ്ങിന്റെ ഭാഗമായി ഗായിക ആശിഷിന്റെ നെറ്റിയിൽ തിലകം ചാർത്തുകയും അനുഗ്രഹങ്ങൾ അർപ്പിക്കുകയും ചെയ്തു. ബിജെപി അധ്യക്ഷൻ ആശ ബോസ്ലെയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി.
ഹിന്ദു ഐതിഹ്യപ്രകാരം സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും ശാശ്വത സ്നേഹത്തിന്റെയും ആഘോഷമാണ് ഭായ് ദൂജ്. ഈ ദിവസം സഹോദരങ്ങൾ പ്രത്യേക പൂജകളും ഉപവാസങ്ങളും നടത്തുകയും പരസ്പരം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നതായിരിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ ഭായ് ദൂജ് ആഘോഷങ്ങൾ നടത്താറുണ്ട്.
Discussion about this post