തിരുവനന്തപുരം : സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ചു ജില്ലകളിലാണ് പരിശോധന നടത്തിയത്. 151 സ്ഥാപനങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. കാറ്ററിങ് യൂണിറ്റുകളിൽ നിന്നുള്ള ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്നാണ് ഞായറാഴ്ച ദിവസം യൂണിറ്റുകളിൽ പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സെൻട്രൽ സോണിന് കീഴിൽ വരുന്ന 5 ജില്ലകളിൽ ആയിരുന്നു പരിശോധന. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് 151 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. നിയമപരമായ ലൈസൻസ് ഇല്ലാതെയും ശുചിത്വം ഇല്ലാതെയും പ്രവർത്തിച്ച 8 സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു.
കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തന സ്ഥലങ്ങളിലെ ശുചിത്വം, പ്രവർത്തിക്കാൻ അനുമതി നൽകുന്ന ലൈസൻസ്, വെള്ളത്തിന്റെ ഗുണനിലവാരം, പെസ്റ്റ് കൺട്രോൾ, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്നിവ സംഘം പരിശോധിച്ചു. 32 സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post