കണ്ണൂർ: എ.ഡി.എം. കെ.നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തലശ്ശേരി സെഷൻസ് കോടതി വാദം കേൾക്കും. ഹർജി ഫയലിൽ സ്വീകരിച്ചപ്പോൾ പോലീസ് റിപ്പോർട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ സമയം ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടർന്നാണ് ജാമ്യഹർജ്ജി പരിഗണിക്കാനുള്ള സമയം നീണ്ടു പോയത്.
പോലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം കളക്ടർ നൽകിയ മൊഴി വിവാദമായിരുന്നു. നവീൻ ബാബു തന്നെ വന്നു കണ്ടിരുന്നുവെന്നും തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിരിന്നുവെന്നുമാണ് കളക്ടർ പറഞ്ഞത്. കളക്ടർ അരുൺ കെ.വിജയന്റെ ഈ മൊഴിയിൽ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം എന്നാണ് അറിയാൻ കഴിയുന്നത് . ഒക്ടോബർ 29-നാണ് ദിവ്യ അറസ്റ്റിലായത്.
അതേസമയം കുറ്റവാസനയോടും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പിൽവരുത്തിയ ആളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെന്നും, കുറ്റകൃത്യം ചെയ്തതിലൂടെ പ്രതിയുടെ ക്രിമിനൽ മനോഭാവം ആണ് വെളിവായതെന്നുമാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇത് ദിവ്യക്ക് കോടതിയിൽ വലിയ തിരിച്ചടിയാകും.
Discussion about this post