ബെംഗളൂരു: യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തി കൊടുക്കാന്‍ കഴിയാതെ പോയ മാട്രിമോണി പോര്‍ട്ടലിന് 60,000 രൂപ പിഴ ചുമത്തി ബംഗളൂരുവിലെ ഉപഭോക്തൃ കോടതി. ബംഗളൂരുവിലെ എംഎസ് നഗര്‍ നിവാസിയായ വിജയകുമാര്‍ കെഎസ് എന്നയാളാണ് മകന്‍ ബാലാജിക്ക് വധുവിനെ തേടി മാട്രിമോണിയില്‍ എത്തിയത്. ദില്‍മില്‍ മാട്രിമോണി പോര്‍ട്ടലിലായിരുന്നു അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നത്.
മാര്‍ച്ച് 17നാണ് മാട്രിമോണി ഓഫീസിനെ സമീപിച്ചത്. വധുവിനെ കണ്ടെത്തുന്നതിന് 30,000 രൂപ ഫീസായി നല്‍കണമെന്ന് ദില്‍മില്‍ മാട്രിമോണി ആവശ്യപ്പെട്ടു. വിജയകുമാര്‍ അന്നുതന്നെ പണം നല്‍കുകയും 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദില്‍മില്‍ മാട്രിമോണി വാക്കാലുള്ള ഉറപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ ദില്‍മില്‍ മാട്രിമോണിക്ക് കഴിഞ്ഞില്ല. ഇത് വിജയ കുമാറിനെ അവരുടെ ഓഫീസ് ഒന്നിലധികം തവണ സന്ദര്‍ശിക്കാന്‍ കാരണമാക്കി. ഏപ്രില്‍ 30 ന് വിജയകുമാര്‍ ദില്‍മില്‍ ഓഫീസിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അപമര്യാദയായി പെരുമാറുകയായിരുന്നു.
ഇതേതുടര്‍ന്ന് മേയ് ഒന്‍പതിന് വിജയകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ദില്‍മില്‍ മാട്രിമോണി പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സേവന ദാതാവ് ഉപഭോക്താവിന്റ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും അന്യായമായ വ്യാപാര വ്യവസ്ഥകളില്‍ ഏര്‍പ്പെട്ടുവെന്നും കമ്മീഷന്‍ പ്രസിഡന്റ് രാമചന്ദ്ര എം എസ് ചൂണ്ടിക്കാണിച്ചു.
ഫീസായി വാങ്ങിയ 30,000 രൂപയും സേവനത്തിലുണ്ടായ അതൃപ്തിക്ക് 20,000 രൂപയും മാനസിക പീഡനത്തിന് 5,000 രൂപയും വ്യവഹാരത്തിന് 5,000 രൂപയും തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.
Discussion about this post