അടുത്തിടെയാണ് ലാന്‍സെറ്റ് ജേര്‍ണലില്‍ ലോകാരോഗ്യ സംഘടന ഇന്ത്യാക്കാരിലെ അമിത സോഡിയം ഉപയോഗത്തെക്കുറിച്ച് ആശങ്ക അറിയിച്ചത്. ആരോഗ്യകരമായ സോഡിയം ഉപയോഗത്തിന്റെ ഇരട്ടിയാണ് ഇന്ത്യാക്കാര്‍ക്കിടയില്‍ കണ്ടുവരുന്നതെന്നായിരുന്നു പഠനത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ സമാനമായ തരത്തില്‍ പായ്ക്കറ്റ് ഭക്ഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പും വന്നിരിക്കുകയാണ്.
പായ്ക്കറ്റ് ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനം സമര്‍ഥിക്കുന്നു. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളോട് ഉപഭോക്താക്കള്‍ അഭിരുചി വളര്‍ത്തിയാല്‍ സോഡിയം അളവ് കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
ആരോഗ്യസംരക്ഷണത്തില്‍ ഉപ്പിന്റെ പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പഠനപ്രകാരം എത്രമാത്രം പാക്കറ്റ് ഫുഡ്ഡിലെ ഉപ്പ് മാറ്റി നിര്‍ത്തുന്നുവോ അത്രയും കുറഞ്ഞ ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ കഴിയുമെന്ന് വിലയിരുത്തുന്നു. ഭാവിയില്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ നിന്നും സോഡിയത്തിന്റെ അളവ് കുറയ്‌ക്കേണ്ട തരത്തില്‍ ആരോഗ്യനിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നതിന്റെ സൂചന കൂടിയാണ് ഈ പഠനം.
പാക്കറ്റ് ഫുഡ്ഡുകളുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അവയിലെ ക്രമാതീതമായ ഉപ്പ് ഉയര്‍ത്തുന്ന ആരോഗ്യഭീഷണിയെക്കുറിച്ചും ജീവഹാനിയെക്കുറിച്ചുമുളള ആശങ്കകള്‍ ആരോഗ്യവിദഗ്ധര്‍ പങ്കുവെച്ചത്.
ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കുക വഴി ആഗോളതലത്തില്‍ പതിനേഴ് ലക്ഷം പേരുടെ ഹൃദയസംബന്ധമായ രോഗങ്ങളും ഏഴുലക്ഷം പേരുടെ വൃക്കരോഗങ്ങളും തടയാന്‍ കഴിയും.
Discussion about this post