എറണാകുളം : നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരായി നൽകിയ ഹർജി ഹൈക്കോടതി റദ്ദാക്കി. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന് കാണിച്ച് മഞ്ജു വാര്യർ നൽകിയ ഹർജിയാണ് കോടതി റദ്ദാക്കിയത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിനു ശേഷം നടന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു മഞ്ജു പരാതി നൽകിയിരുന്നത്.
ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജുവാര്യർ നാലുവർഷമായി കേസിലെ നിലപാട് വ്യക്തമാക്കാത്തതിനാൽ ആണ് എഫ്ഐആർ റദ്ദാക്കുന്നത് എന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. തൃശ്ശൂർ ടൗൺ പോലീസിൽ ആയിരുന്നു മഞ്ജു വാര്യർ പരാതി നൽകിയിരുന്നത്. ഈ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ റദ്ദാക്കുന്നതായാണ് ഹൈക്കോടതി ഇന്ന് അറിയിച്ചത്.
2019 ഒക്ടോബർ 23നായിരുന്നു മഞ്ജു വാര്യർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അന്നത്തെ സംസ്ഥാന പോലീസ് മേധാവിക്ക് നടി നേരിട്ട് നൽകിയ പരാതിയെ തുടർന്നാണ് തൃശ്ശൂർ ടൗൺ പോലീസ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തിരുന്നത്. കുറ്റകരമായ ഉദ്ദേശ്യത്തോടെ പിന്തുടർന്നു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയുള്ള കേസിലെ മഞ്ജുവിന്റെ ആക്ഷേപങ്ങൾ നിലനിൽക്കുന്നതല്ല എന്നും ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.
Discussion about this post