ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുക എൻവിഡിയ, ഓപ്പൺ എഐ അല്ലെങ്കിൽ ഗൂഗിൾ തുടങ്ങിയ വമ്പൻമാരുടെ പേരുകളായിരിക്കും. എന്നാൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഈ എഐ വിപ്ലവത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടുന്ന അജിനോമോട്ടോയും ലോകപ്രശസ്തമായ ഒരു ടോയ്‌ലറ്റ് നിർമ്മാണ കമ്പനിയുമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും ചിപ്പ് നിർമ്മാണ മേഖലയിലെ ഏറ്റവും നിർണ്ണായകമായ സാങ്കേതികവിദ്യകൾ കൈവശം വെച്ചിരിക്കുന്നത് ഈ ജാപ്പനീസ് കമ്പനികളാണ്. അത്യാധുനിക സെമികണ്ടക്ടർ ചിപ്പുകളുടെ നിർമ്മാണത്തിൽ അജിനോമോട്ടോയും ടോട്ടോ (TOTO) ലിമിറ്റഡും വഹിക്കുന്ന പങ്ക് ഇപ്പൊൾ ആഗോളതലത്തിൽ ചർച്ചയാവുകയാണ്.
ഭക്ഷണത്തിന് രുചി നൽകുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) നിർമ്മാണത്തിലൂടെ ലോകപ്രശസ്തമായ അജിനോമോട്ടോ, പതിറ്റാണ്ടുകൾ നീണ്ട അമിനോ ആസിഡ് ഗവേഷണങ്ങളിലൂടെയാണ് ‘അജിനോമോട്ടോ ബിൽഡ്-അപ്പ് ഫിലിം’ (ABF) വികസിപ്പിച്ചെടുത്തത്. കമ്പ്യൂട്ടറുകളിലെ പ്രോസസറുകളെ സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന സബ്‌സ്‌ട്രേറ്റുകളിൽ ഇൻസുലേറ്റിംഗ് മെറ്റീരിയലായി ഉപയോഗിക്കുന്നത് ഈ എബിഎഫ് ആണ്. എൻവിഡിയ, ഇന്റൽ, എഎംഡി തുടങ്ങിയ കമ്പനികൾ നിർമ്മിക്കുന്ന ഹൈ-പെർഫോമൻസ് ചിപ്പുകൾ പ്രവർത്തിക്കണമെങ്കിൽ ഈ സാങ്കേതികവിദ്യ അനിവാര്യമാണ്. 2020-21 കാലഘട്ടത്തിലെ ആഗോള ചിപ്പ് ക്ഷാമത്തിന് ഒരു പ്രധാന കാരണം ഈ സബ്‌സ്‌ട്രേറ്റുകളുടെ ലഭ്യതക്കുറവായിരുന്നു. ചുരുക്കത്തിൽ, അജിനോമോട്ടോ വിതരണം ചെയ്യുന്ന ഈ മെറ്റീരിയൽ ഇല്ലെങ്കിൽ ഇന്നത്തെ അതിവേഗ ക്ലൗഡ് കമ്പ്യൂട്ടിംഗും എഐ സെർവറുകളും നിശ്ചലമാകും.
ടോയ്‌ലറ്റുകളും ബാത്ത്റൂം ഫിറ്റിംഗുകളും നിർമ്മിക്കുന്ന ജാപ്പനീസ് കമ്പനിയായ ടോട്ടോ ലിമിറ്റഡിന്റെ കഥയും സമാനമാണ്. ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങളിലെ അതിസൂക്ഷ്മമായ സെറാമിക് ഭാഗങ്ങൾ നിർമ്മിക്കുന്നത് ഇവരാണ്. സിലിിക്കൺ വേഫറുകൾ കൈകാര്യം ചെയ്യുന്ന യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഈ സെറാമിക് ഘടകങ്ങൾക്ക് അതിയായ ശുദ്ധി (Purity) ആവശ്യമാണ്. നേരിയ അഴുക്കുപോലും ചിപ്പ് നിർമ്മാണത്തെ തകർക്കും എന്നതിനാലാണ് ടോട്ടോയുടെ അത്യാധുനിക സെറാമിക് സാങ്കേതികവിദ്യ ഐടി ലോകം കടമെടുക്കുന്നത്. ജപ്പാനിലെ ഷിൻ-എറ്റ്‌സു കെമിക്കൽ, ടോക്കിയോ ഇലക്ട്രോൺ തുടങ്ങിയ കമ്പനികളും ചിപ്പ് നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും നൽകുന്നതിൽ ലോകത്ത് ഒന്നാമതാണ്. അടുത്ത തവണ നിങ്ങൾ ഒരു എഐ ചാറ്റ്‌ബോട്ടിനോട് സംസാരിക്കുമ്പോഴോ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ ഓർക്കുക, അതിന് പിന്നിൽ ഭക്ഷണത്തിന് രുചി കൂട്ടുന്നവരും ബാത്ത്റൂം ഫിറ്റിംഗ്സ് നിർമ്മിക്കുന്നവരും ഉണ്ടെന്ന്.











