തനിക്ക് ഇനി അധികകാലം ഈ ഭൂമിയില്‍ ശേഷിക്കുന്നില്ലെന്ന് മനസ്സിലാക്കുന്ന ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ 24 വയസ്സുമാത്രം പ്രായമുള്ള കാന്‍സര്‍ ബാധിതയായ ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍ തിരിച്ചറിയുകയും ഇക്കാര്യം വീഡിയോയായി ചിത്രീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഓസ്ട്രേലിയന്‍ വംശജയായ ടിക്ടോക് ഇന്‍ഫ്ളുവന്‍സര്‍ ബെല്ല ബ്രാഡ്ഫോഡ് ആണ് സ്വന്തം മരണം തന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചത്.
റാബ്ഡോമിയോസര്‍കോമ എന്ന താടിയെല്ലിനെ ബാധിച്ച അപൂര്‍വ കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് ബെല്ല മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 15-നാണ് ബെല്ല മരണപ്പെട്ടത്. എന്നാല്‍ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷം ബെല്ലയുടെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോ കൂടി പ്രത്യക്ഷപ്പെടുകയായിരുന്നു.
‘എനിക്ക് ഗുരുതരമായ ക്യാന്‍സറുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്റെ ജീവിതം അവസാനിക്കുകയാണ്. ഞാന്‍ മരണത്തിന് കീഴടങ്ങുകയാണ്. അവസാനമായി ഒരു വീഡിയോ ചെയ്യുകയാണ്. കാരണം ഞാന്‍ അത് അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. ഫാഷനെ ഏറെ ഇഷ്ടപ്പെടുന്നു. ഈ മനോഹരമായ യാത്രയില്‍ എന്റെയൊപ്പം നിന്നതിനും പിന്തുണച്ചതിനും നന്ദി. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്റെ പഴയ വീഡിയോ കാണുകയും അതുവഴി സന്തോഷം കണ്ടെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു- എന്നുപറഞ്ഞാണ് ബെല്ല തന്റെ അവസാന വീഡിയോ പങ്കുവെച്ചത്.
Discussion about this post