തിരുവനന്തപുരം : സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവനമായ 108 ആംബുലൻസുകൾ സർവീസ് പുനരാരംഭിച്ചു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് സമരത്തിൽ ആയിരുന്ന ജീവനക്കാരാണ് സേവനം പുനരാരംഭിച്ചത്. സെപ്റ്റംബർ മാസത്തെ ശമ്പള കുടിശിക സർക്കാർ നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
സംസ്ഥാന ആരോഗ്യവകുപ്പ് 108 ആംബുലൻസ് ജീവനക്കാർക്കുള്ള ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സിഐടിയു യൂണിയന്റെ നേതൃത്വത്തിൽ ആയിരുന്നു സമരം നടത്തിയിരുന്നത്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന സമരമാണ് ചൊവ്വാഴ്ച രാത്രി അവസാനിച്ചത്. ശമ്പള കുടിശ്ശിക ലഭിച്ചതിനെ തുടർന്ന് രാത്രി 8 മണിയോടെയാണ് ആംബുലൻസ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്.
108 ആംബുലൻസുകളുടെ സമരം മൂലം നിരവധി സാധാരണക്കാരായ രോഗികളാണ് ബുദ്ധിമുട്ടിലായിരുന്നത്. ആംബുലൻസ് എത്താൻ വൈകിയത് മൂലം കഴിഞ്ഞദിവസം രണ്ട് വാഹനാപകട മരണങ്ങളും സംഭവിച്ചിരുന്നു. ജനങ്ങൾക്ക് ഏറ്റവും ആവശ്യമായ സേവനം ആയിരുന്നിട്ടും സമരം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് യാതൊരു നടപടികളും സ്വീകരിക്കാത്തതിനെതിരെ പൊതുജനങ്ങൾക്കിടയിൽ കടുത്ത വിമർശനമായിരുന്നു ഉയർന്നിരുന്നത്.
Discussion about this post