തിരുവനന്തപുരം: സർക്കാർ കോടികൾ കുടിശിക വരുത്തിയ സാഹചര്യത്തിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളം നിറുത്തലാക്കാൻ വാട്ടർ അതോറിട്ടിയുടെ നീക്കം. ഈയിനത്തിൽ സർക്കാർ നൽകാനുള്ള 123.88 കോടി രൂപ കുടിശിക ലഭിക്കാത്തതിനാലാണ് ഇങ്ങനെ ഒരു നടപടിയിലേക്ക് പോകുന്നതെന്നാണ് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്.
കഴിഞ്ഞ 15 വർഷത്തെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. ഇത്രയും തുക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടി എം.ഡി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഈ തുക ലഭിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും അധിക നോൺ പ്ലാൻ ഗ്രാന്റായി ഇത് അടിയന്തരമായി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ സർക്കാരിൽ നിന്ന് അനുകൂല നടപടിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പാവപ്പെട്ടവരുടെ കുടിവെള്ളം നിർത്താനുള്ള നടപടിയുമായി വാട്ടർ അതോറിറ്റി മുന്നോട്ട് പോകുന്നത്.
എന്നാൽ ഡാർഡിറ രേഖക്ക് താഴെയുള്ളവർക്ക് മാത്രമല്ല, വാട്ടർ അതോറിറ്റിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാണെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ബഡ്ജറ്റിൽ വകയിരുത്തി നോൺ പ്ലാൻ ഗ്രാന്റായി നൽകുന്ന 460.61 കോടി (2022-23ൽ 169.43 കോടി, 2023-24ൽ 291.18 കോടി) രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമൂലം ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള ആനുകുല്യങ്ങൾ, കെ.എസ്.ഇ.ബിയുടെ വൈദ്യുതി ചാർജ്, കരാറുകാർക്ക് നൽകേണ്ട തുക എന്നിവ നൽകാനായിട്ടില്ലെന്നും വാട്ടർ അതോറിട്ടി വെളിപ്പെടുത്തി.
Discussion about this post