ന്യൂഡൽഹി : ഇടവേളയ്ക്ക് ശേഷം ഭാരത് അരിവീണ്ടും വിപണിയിലെത്തുന്നു. സബ്‌സിഡി നിരക്കിൽ ഗോതമ്പ് പൊടിയും, അരിയും ഇനി മുതൽ നിസാര വിലയ്ക്ക് വാങ്ങാം.
ഇത്തവണ നേരിയ വില വർദ്ധനവോടെയാണ് വിപണയിൽ സാധനങ്ങൾ എത്തുന്നത്. ആട്ടയ്ക്ക് കിലോയ്ക്ക് 30 രൂപയും അരി കിലോ 34 രൂപയുമാണ്. 5 കിലോ, 10 കിലോ പാക്കറ്റുകളായാണ് വിൽപ്പന. എൻസിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് വിൽപ്പന നടക്കുക.
ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി, എൻസിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ എന്നീ ഏജൻസികളുടെ മൊബൈൽ വാനുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്നലെ മുതൽ ന്യൂഡൽഹിയിൽ അരി വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 2.91 ലക്ഷം മെട്രിക് ടൺ അരിയാണ് രണ്ടാം ഘട്ടത്തിൽ വിൽക്കുന്നത് എന്നാണ് വിവരം.
കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഭാരത് അരി പുറത്തിറക്കിയത്. കേരളത്തിൽ ഒന്നാം ഘട്ടത്തിൽ ഭാരത് അരി പലയിടങ്ങളിലും വിതരണം ചെയ്തിരുന്നു. ജനങ്ങൾ ഭാരത് അരി ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒന്നാം ഘട്ടത്തിൽ വിറ്റത് 14. 58 ലക്ഷം മെട്രിക് ടൺ ആണ്.
Discussion about this post