വാഷിംഗ്‌ടൺ: യുദ്ധങ്ങൾ അവസാനിപ്പിച്ച് അമേരിക്കയെ ഏറ്റവും മഹത്തരമായ രാജ്യമാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കൽ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസിസിനെ പരാജയപ്പെടുത്തിയതൊഴിച്ചാൽ നാല് വർഷം അമേരിക്ക യുദ്ധം ചെയ്തിട്ടില്ല . ഞാൻ യുദ്ധങ്ങൾ ആരംഭിക്കില്ല, മറിച്ച് അവ അവസാനിപ്പിക്കും – തന്റെ രണ്ടാം ഗവൺമെന്റിന്റെ നയപ്രഖ്യാപനം എന്ന രീതിയിൽ ട്രംപ് പറഞ്ഞു. അതെ സമയം ഏതൊക്കെ യുദ്ധങ്ങളാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല. എങ്കിലും രണ്ടാം വരവിൽ യുക്രെയിൻ , ഗാസ യുദ്ധങ്ങൾ മുഖ്യ അജണ്ടയാവുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.
യുക്രൈൻ പ്രസിഡന്റ് സെലിൻസ്കിയെ ലോകത്തെ ഏറ്റവും മഹാനായ മാർക്കറ്റിങ് ഏജന്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഓരോ തവണ അമേരിക്കയിൽ എത്തുമ്പോഴും ബില്യൺ കണക്കിന് ഡോളറുകളാണ് സെലിൻസ്കി അമേരിക്കയിൽ നിന്നും കൊണ്ട് പോകുന്നത് എന്നായിരുന്നു ട്രംപിന്റെ വാദം.
റഷ്യ- യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെയും മറ്റ് യൂറോപ്പ്യൻ സഖ്യരാജ്യങ്ങളുടെയും സാമ്പത്തിക സൈനിക സഹായം കൊണ്ടാണ് റഷ്യക്കെതിരെ യുക്രൈൻ പിടിച്ചു നിൽക്കുന്നത്. ട്രംപ് വരുന്നതോടെ അത് ഇല്ലാതാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
എന്നാൽ ഇസ്രായേൽ, ഇറാൻ യുദ്ധത്തിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. ഇറാന്റെ സർവ്വനാശത്തോട് കൂടെ യുദ്ധം ഇല്ലാതാക്കണം എന്ന വാദക്കാരനാണ് ട്രംപ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ബോംബിട്ട് തകർക്കണം എന്ന് ഈയടുത്ത ദിവസങ്ങളിൽ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ മാറ്റങ്ങളാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയതോടു കൂടി ലോകത്തെ കാത്തിരിക്കുന്നത് എന്ന് ഉറപ്പാണ്.
Discussion about this post