ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഓസ്ട്രേലിയൻ മാദ്ധ്യമത്തെ നിരോധിച്ച് കാനഡ സർക്കാർ. എസ് ജയശങ്കർ ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള വാർത്താസമ്മേളനം സംപ്രേഷണം ചെയ്തതിന്റെ പേരിലാണ് ഓസ്ട്രേലിയൻ ടുഡേ എന്ന മാദ്ധ്യമത്തിന് കാനഡ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാദ്ധ്യമ ഹാൻഡിലുകൾ അടക്കം കാനഡയിൽ നിരോധിച്ചിരിക്കുകയാണ്.
കാനഡ സർക്കാരുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമായും മൂന്നു കാര്യങ്ങൾ ആയിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. പ്രത്യേകിച്ച് യാതൊരുവിധ തെളിവുകളും ഇല്ലാതെ കനേഡിയൻ സർക്കാർ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നു എന്നുള്ളതായിരുന്നു ഒന്നാമത്തെ കാര്യം. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ നിരീക്ഷണമാണ് അദ്ദേഹം പങ്കുവെച്ച രണ്ടാമത്തെ കാര്യം. കാനഡയിൽ ഇന്ത്യാ വിരുദ്ധർക്ക് നൽകിയ രാഷ്ട്രീയ ഇടമാണ് എസ് ജയശങ്കർ ചൂണ്ടിക്കാണിച്ച മൂന്നാമത്തെ കാര്യം.
കാനഡ സർക്കാരിന്റെ പ്രവൃത്തികൾക്കെതിരായ ഇന്ത്യയുടെ വാദത്തിൽ ഉറച്ചുനിൽക്കുന്നതായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രസംഗം. അതാണ് കാനഡ സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ടുഡേ മാത്രമാണ് കാനഡയിൽ ഈ വാർത്ത സമ്മേളനം സംപ്രേഷണം ചെയ്തിരുന്നത്. അതിന്റെ പ്രതികാര നടപടിയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓസ്ട്രേലിയൻ ടുഡേയ്ക്ക് കാനഡയിൽ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
Discussion about this post