പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് കള്ളപ്പണം കൊണ്ട് വന്ന കേസിൽ വീണ്ടും ട്വിസ്റ്റ്. കള്ളപ്പണം കൊണ്ട് വന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കാറില്ലെന്ന് വെളിപ്പെടുത്തൽ. മുൻ യൂത്ത് കോൺഗ്രസ് നേതാവായ എ.കെ. ഷാനിബാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന് കിട്ടുന്ന പ്രേത്യേക സുരക്ഷ ഉപയോഗിച്ചു കൊണ്ടാണ് കള്ളപ്പണം കടത്തിയത്. ഇത് കൂടാതെ കഴിഞ്ഞദിവസം കെ.സി. വേണുഗോപാൽ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണെന്നും ഇയാൾ ഇ.ഡി അന്വേഷണം നേരിടുന്നയാളാണെന്നും ഷാനിബ് വാർത്താ സമ്മേളനം നടത്തിയാണ് തുറന്നു പറഞ്ഞത്.
അതേസമയം വ്യാജ ഐ ഡി കാർഡ് വിവാദത്തിൽ പ്രതിയായ ഫെനി നൈനനാണ് ഇതിലേയും പ്രധാന പ്രതിയെന്ന് എ കെ ഷാനിബ് വെളിപ്പെടുത്തി. ഇയാളെ രക്ഷിക്കാനാണ് രാഹുലും ഷാഫി പറമ്പിലും കോൺഗ്രസ്സും ശ്രമിക്കുന്നതെന്നും ഷാനിബ് ആരോപിച്ചു.
“വ്യാജ ഐഡിയുണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം നിരന്തരം സഞ്ചരിക്കുന്നത്. കാറിൽ പണംകൊണ്ട് ഓടി രക്ഷപ്പെട്ടതല്ല. ഫെനിയെ രക്ഷപ്പെടുത്തിയതാണ്. മാധ്യമങ്ങൾ ചോദിക്കുമ്പോൾ വഴിയിലിറങ്ങി എന്നാണ് ഫെനി പറഞ്ഞത്. എവിടെയാണ് ഇറങ്ങിയത്, എങ്ങോട്ടാണ് പോയത് എന്നൊക്കെ അദ്ദേഹംതന്നെ വ്യക്തമാക്കട്ടെ.” ഷാനിബ് പത്ര സമ്മേളനത്തിൽ പറഞ്ഞു
Discussion about this post