റിയാദ്; സൗദി അറേബ്യയിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന തന്നെ സന്ദർശിക്കാനെത്തിയ ഉമ്മയെ കാണാത്തതിന്റെ കാരണം പറഞ്ഞ് കോഴിക്കോട് ഫറോഖ് സ്വദേശി റഹീം. റിയാദ് ജയിലിലെത്തിയ ഉമ്മ റഹീമിനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ വീഡിയോ കോളിലൂടെയാണ് ഉമ്മയെ കണ്ടത്. ചിലരുടെ ഇടപെടൽ മൂലമാണ് ഉമ്മയെ കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടായതെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് റഹീം വിശദീകരണവുമായം രംഗത്തെത്തിയത്.
ഉമ്മയെ ജയിലിൽ വച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നത്.എന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലിൽ വന്നിരുന്നു. ജയിൽ അധികൃതർ കാണാൻ അവസരം ഒരുക്കിയെങ്കിലും എൻറെ മനസ് അനുവദിച്ചില്ല. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിൻറെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചുവെന്ന് റഹീം പറയുന്നു.
18 വർഷമായി ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ വെച്ച് ജയിൽ യൂണിഫോമിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും ഉ നിലവിലെ രൂപം കണ്ടിട്ടിട്ടില്ല. ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും റഹീം പറയുന്നു. വീഡിയോ കോളിൽ കണ്ടത് പോലും മനപ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഹീമിൻറെ മോചനത്തിന് വേണ്ടി 18 വർഷമായി പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണ് വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെയാണ് കുടുംബത്തിന്റെ സന്ദർശനം. കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് റഹീമിൻറെ മോചനത്തിനായി 47 കോടിയിലേറെ രൂപയാണ് സമാഹരിച്ച് നൽകിയത്.
Discussion about this post