റിയാദ്: അമ്മ ഫാത്തിമയെ കാണാൻ കൂട്ടാക്കാതെ സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം. സൗദിയിലെ ജയിലിൽ എത്തിയ മാതാവിനോട് റഹീം തിരികെ പോകാൻ ആവശ്യപ്പെട്ടു. ബന്ധുക്കൾക്കൊപ്പം ആയിരുന്നു റഹീമിനെ കാണാൻ ഫാത്തിമ സൗദിയിൽ എത്തിയത്.
ജയിലിൽ എത്തി മകനെ കാണാൻ ഗവർണർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫാത്തിമ സൗദിയിൽ എത്തിയത്. ജയിൽ അധികൃതർ വിവരം അറിയിച്ചതോടെ തനിക്ക് കാണേണ്ടെന്ന് റഹീം പറയുകയായിരുന്നു. ഇതോടെ അമ്മ പൊട്ടിക്കരഞ്ഞു. ഓൺലൈൻ ആയി അമ്മയെ കാണാൻ ജയിൽ അധികൃതർ സഹായം ചെയ്തുവെങ്കിലും റഹീം ഇതിന് തയ്യാറായില്ല. ഇതോടെ ബന്ധുക്കൾ തിരികെ മടങ്ങുകയായിരുന്നു.
ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും ഒരു നോക്ക് കാണാൻ റഹീം തയ്യാറായില്ലെന്ന് ഫാത്തിമ പറഞ്ഞു. ആരൊക്കെയോ ഉപദേശിച്ചതാണ് ഇതിന് കാരണം ആയത്. അല്ലാതെ എന്നെ കാണേണ്ടെന്ന് അവൻ ഒരിക്കലും പറയില്ല. ഫോണിലൊക്കെ നല്ല സ്‌നേഹത്തോടെയാണ് സംസാരിച്ചത്. എന്നെ ഒരിക്കലും അവൻ ഉപേക്ഷിക്കില്ല. ഞാൻ അങ്ങോട്ട് വരൂല, ങ്ങള് പൊയ്‌ക്കോളീ എന്നാണ് അവൻ പറഞ്ഞത്. നാട്ടിലേക്ക് വരുമ്പോൾ കാണാമെന്നും റഹീം പറഞ്ഞുവെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
അതേസമയം റഹീമിനെ കാണാൻ ഫാത്തിമ സൗദിയിൽ എത്തിയതിനെ വിമർശിച്ച് റഹീം നിയമ സഹായ സമിതി രംഗത്ത് എത്തി. 18 വർഷമായി റഹീമി് വേണ്ടി സഹായ സമിതി കേസ് നടത്തുകയാണ്. എന്നാൽ സമിതിയെ അറിയിക്കാതെയാണ് അമ്മയും സംഘവും സൗദിയിൽ എത്തിയത്. സമിതിയോട് നന്ദികേട് ആണ് കുടുംബം ചെയതത് എന്നും സമിതി ആരോപിച്ചു.
Discussion about this post