തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ മൊഴി നൽകി ജീവനക്കാർ. കളക്‌ടറുമായി നവീൻ ബാബു അത്ര നല്ല ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്. ഇതോടെ നവീൻ ബാബു വിഷയത്തിൽ കളക്ടർ നൽകിയ മൊഴിക്ക് വിശ്വാസ്യത ഇല്ലാതായിരിക്കുകയാണ്.
നവീൻ ബാബു കണ്ണൂരിൽ എഡിഎം ആയി ജോലിയിൽ പ്രവേശിച്ച ദിവസം അര മണിക്കൂർ വൈകി എത്തിയതിന് കളക്‌ടർ മെമ്മോ നൽകിയിരുന്നുവെന്നും അന്ന് മുതൽ ഇരുവരും അകൽച്ചയിലായിരുന്നു എന്നും ജീവനക്കാർ വ്യക്തമാക്കി. അവധി നൽകുന്നതിൽ കളക്‌ടർ സ്വീകരിച്ചിരുന്ന സമീപനവും നവീൻ ബാബുവിന് മാനസിക വിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ഞായറാഴ്‌ച പോലും ഡ്യൂട്ടിക്ക് കയറാൻ കളക്ടർ നിർബന്ധിച്ചിരിന്നു . കളക്‌ടറുമായി സംസാരിക്കാൻ പോലും നവീന് താൽപ്പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്
പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിന് പിന്നാലെ നവീൻ ബാബു തന്നെ വന്നുകണ്ട് തനിക്ക് തെറ്റുപറ്റിയെന്ന് കളക്ടർ പറഞ്ഞിരുന്നു. എന്നാൽ ഇതിന് ഒട്ടും സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നതാണ് ജീവനക്കാരുടെ മൊഴി. കളക്ടറുമായി നവീൻ ബാബുവിന് ഒരു ആത്മബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയും വ്യക്തമാക്കിയിരുന്നു.
Discussion about this post