മുംബൈ; രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി തിളങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് ട്വൻറി 20യിൽ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യൻ താരമായി ഇതോടെ സഞ്ജുമാറി. താരത്തിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം കണ്ടിരുന്നു. 61 റൺസിലാണ് ഇന്ത്യയുടെ കൂറ്റൻ ജയം.
തകർപ്പൻ വിജയത്തിന് പിന്നാലെ മത്സരത്തെ കുറിച്ച് സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിച്ചിൽ ഒരുപാട് സമയം ചെലവഴിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. നന്നായി കളിക്കാൻ സാധിക്കുന്നു. ഇപ്പോഴത്തെ എന്റെ ഫോം പരമാവധി ഉപയോഗപ്പെടുത്തുന്നുവെന്ന് നിങ്ങൾക്ക് പറയാം. ആക്രമണോത്സുക കാണിക്കേണ്ടതിനെ കുറിച്ച് നമ്മൾ സംസാരിച്ചിക്കാറുണ്ട്. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ നേട്ടങ്ങൾക്ക് പ്രധാന്യം നൽകണം. മൂന്നോ നാലോ പന്തുകൾ കളിച്ച ശേഷം അടുത്ത് ബൗണ്ടറി നേടാനാണ് ശ്രമിക്കുക. ഞാനും അതിന് ശ്രമിച്ചത്. അത് ചിലപ്പോൾ വിജയിക്കും. ചിലപ്പോൾ പരാജയപ്പെടും. ഇന്നത്തെ ദിവസം എനിക്ക് നന്നായി കളിക്കാൻ സാധിച്ചു. പരമ്പരയിൽ ജയത്തോടെ തുടങ്ങാനായതിലും സന്തോഷം. ദക്ഷിണാഫ്രിക്കയ്ക്ക് നാട്ടിൽ നടക്കുന്ന പരമ്പരയാണെന്നുള്ള ഗുണമുണ്ട്. അവർ മികച്ച ടീമാണ്. അതുകൊണ്ടുതന്നെ പരമ്പര നന്നായി തുടങ്ങണമായിരുന്നു, അതിന് സാധിച്ചതിൽ സന്തോഷമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
റെക്കോർഡുകളുടെ നിറവിൽ നിൽക്കുമ്പോഴും വിനയം കൈവിടാത്ത മലയാളി പൊളിയല്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 യിൽ സഞ്ജു സാംസൺ സ്വന്തമാക്കിയത് ഒട്ടേറെ റെക്കോർഡുകളാണ്. അന്താരാഷ്ട്ര ട്വൻറി20യിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറി.
ട്വൻറി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20യിൽ അവരുടെ മണ്ണിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവുമുയർന്ന സ്‌കോർ സഞ്ജുവിൻറേതായി (107). വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ട്വൻറി20 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരമാണ് സഞ്ജു.ഒരു ട്വൻറി20 ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റോക്കോഡ് രോഹിത് ശർമയോടൊപ്പം പങ്കിട്ടു.ട്വൻറി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50ലേറെ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു. ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ കളിയിലെ താരമാകുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.
Discussion about this post