ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് പുതിയ പരിശീലകൻ. ജാവലിൻ ത്രോയിലെ ഇതിഹാസതാരം ജാൻ സെലെസ്‌നി ആണ് നീരജ് ചോപ്രയുടെ പുതിയ പരിശീലകനായി എത്തുന്നത്. നിലവിലെ ലോക റെക്കോർഡ് ഉടമയും മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യനുമാണ് ചെക് താരമായ ജാൻ സെലെസ്‌നി.
താൻ ജാൻ സെലെസ്‌നിയുടെ കടുത്ത ആരാധകനാണെന്ന് നേരത്തെ നീരജ് ചോപ്ര വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവാണ് അദ്ദേഹം. 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ ജാൻ സെലെസ്‌നി തൻ്റെ ആദ്യ സ്വർണവും 1996 ലെ അറ്റ്‌ലാൻ്റ ഒളിമ്പിക്‌സിൽ രണ്ടാമതും 2000 ലെ സിഡ്‌നി ഒളിമ്പിക്‌സിൽ മൂന്നാമത്തെ സ്വർണവും നേടി.
ഈ വർഷം പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്‌സ്‌ട്രോമിൽ നടക്കുന്ന ശൈത്യകാല പരിശീലന ക്യാമ്പിൽ സെലെസ്‌നിയുടെ കീഴിൽ പരിശീലിക്കുമെന്നാണ് വിവരം. സെലെസ്‌നിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച ബഹുമതിയാണെന്ന് നീരജ് ചോപ്ര വ്യക്തമാക്കി.
Discussion about this post