കൊച്ചി: മുനമ്പം ഭൂമി ് തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തില്‍ നിന്നും വന്ന അബ്ദുള്‍ സത്താര്‍ മൂസാ ഹാജിക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍
1902 ലാണ് തിരുവിതാംകൂര്‍ രാജാവ് 404 ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ കായലും ചേര്‍ന്നുള്ള പ്രദേശം ഗുജറാത്തില്‍ നിന്ന് കൃഷി ആവശ്യത്തിനായി വന്ന അബ്ദുള്‍ സത്താര്‍ മൂസ ഹാജിക്ക് പാട്ടത്തിന് നല്‍കുന്നത്. അക്കാലത്ത് ധാരാളം മത്സ്യത്തൊഴിലാളികള്‍ അവിടെ താമസിച്ചിരുന്നു. 1948-ല്‍ മൂസ ഹാജിയുടെ പിന്‍ഗാമിയായ സിദ്ദീഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഒരു നൂറ്റാണ്ടോളമായി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.
കടല്‍ക്ഷോഭം കാരണം 404 ഏക്കര്‍ 100-ഓളം ഏക്കറായി കുറഞ്ഞു. പിന്നീട് ഭൂമി കൈവശം വയ്ക്കുന്നത് ബുദ്ധിയല്ലെന്ന് കരുതിയ സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നിന് ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് കൈമാറി. അതു തന്നെ തെറ്റാണ്. ഫാറൂഖ് കോളേജ് സ്ഥാപകനായ ചാവക്കാട് സ്വദേശി മൗലവി അബ്ദുല്ല അഹമ്മദ് അലിയ്ക്ക് സമ്മാനം എന്ന നിലയിലായിരുന്നു ഭൂമി കൈമാറിയത്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കോളേജ് മാനേജ്‌മെന്റ് ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. സിദ്ദിഖ് സേട്ടിന് അതിന് അവകാശമില്ലായിരുന്നു എന്നതാണ് വസ്തുത. എല്ലാം നിയമവിരുദ്ധമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഗിഫ്റ്റ് ഡീഡില്‍ ‘വഖഫ്’ എന്ന വാക്ക് ഉള്‍പ്പെടുകയായിരുന്നു. ഇതാണ് വലിയ പ്രശ്നമായി മാറിയത്. ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പു തന്നെ അന്നാട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.
പിന്നീട് ഫറൂഖ് കോളജ് മാനേജ്മെന്റും നാട്ടുകാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. അതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേസ് തുടര്‍ന്നു. 1974ല്‍ മുഴുവന്‍ ഭൂമിയും ഫറൂഖ് കോളജിന്റേതാണെന്ന് കോടതി ഉത്തരവിട്ടു. 1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘമുണ്ടാക്കി പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. 12 വര്‍ഷത്തോളം ആ കേസ് തുടര്‍ന്നു. 1987-ല്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി, അന്നത്തെ നിവാസികള്‍ ഒരു നൂറ്റാണ്ടിലേറെയായി താമസിച്ചു വരുന്ന ഭൂമി ഫറൂഖ് കോളജിന് വലിയ തുക നല്‍കി വാങ്ങുകയായിരുന്നു.
കോളേജ് സെക്രട്ടറിയായിരുന്ന ഹസ്സന്‍ കുട്ടി സാഹിബ് 1989 നും 1993 നും ഇടയില്‍ 280 ഓളം ഭൂമി രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. വഖപ് ബോര്‍ഡിനോട് ചോദിച്ചപ്പോള്‍ അവരു പറയുന്നത്, അദ്ദേഹത്തിന് അറിയാതെ ചെയ്തുപോയതായിരിക്കാം എന്നാണ്. ഭൂമി വഖഫ് അല്ലെന്നുള്ളതാണ് രൂപതയുടെ നിലപാട്. ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍ പറഞ്ഞു.
Discussion about this post