ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. മൂന്ന് കമാൻഡോകൾക്ക് പരിക്കേറ്റു. പാര സ്പെഷ്യൽ ഫോഴ്‌സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) നായിബ് സുബേദാർ രാകേഷ് കുമാർ ആണ് വീരമൃത്യു വരിച്ചത്.
ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് ആണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. ‘ഞായറാഴ്ച കിഷ്ത്വാറിലെ ഭാരത് റിഡ്ജ് ഏരിയയിൽ നടന്ന വെടിവെപ്പിൽ പാര സ്പെഷ്യൽ ഫോഴ്സിലെ ജവാന്‍ വീരമൃത്യു വരിച്ചു.. മറ്റ് മൂന്ന് കമാൻഡോകൾക്ക് പരിക്കേറ്റ് ചികിത്സയിലാണ്’ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.












