മുംബൈ : എൻസിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖി മഹാരാഷ്ട്രയിൽ വച്ച് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. ബാബാ സിദ്ദിഖിയുടെ നേർക്ക് വെടിയുതിർത്ത ഷൂട്ടർ ശിവ എന്ന ശിവ് കുമാർ ആണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി നേപ്പാൾ അതിർത്തിയിൽ വച്ചാണ് പിടിയിലായത്.
ഉത്തർപ്രദേശ് പോലീസും മുംബൈ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആണ് ശിവ് കുമാറിനെ പിടികൂടിയത്. ബഹ്‌റൈച്ചിൽ നിന്നും നേപ്പാൾ അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഉത്തർപ്രദേശ്, മുംബൈ എസ്ടിഎഫ് സംഘം ശിവയെയും നാല് കൂട്ടാളികളെയും പിടികൂടുകയായിരുന്നു.
ബഹ്റൈച്ചിലെ ഗണ്ഡാര സ്വദേശിയാണ് അറസ്റ്റിൽ ആയിരിക്കുന്ന ഷൂട്ടർ ശിവ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്നാണ് പോലീസ് സംഘം കരുതുന്നത്. ബാബ സിദ്ദിഖി വധക്കേസിൽ ഇതുവരെ 23 പ്രതികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്.
Discussion about this post