തിരുവനന്തപുരം: തസ്തികാ നിർണ്ണയം പൂർത്തിയാകാത്തതിനെ തുടർന്ന് അദ്ധ്യാപക നിയമനങ്ങൾക്ക് പൂട്ടിട്ട് പി എസ് സി. ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ച് ജൂലായ് 15ന് മുമ്പ് തസ്തികാ നിർണ്ണയം പൂർത്തിയാക്കണമെന്നാണ് ചട്ടം. എന്നാൽ ഇത്തവണ ഒക്ടോബർ 31നാണ് തസ്തിക നിർണ്ണയത്തിന്റെ ആദ്യഘട്ടം തന്നെ പൂർത്തിയാവുന്നത്. ഈ സാഹചര്യത്തിൽ തുടർനടപടികൾക്ക് തന്നെ ഇനിയും മാസങ്ങൾ സമയമെടുക്കും. അത് വരെ അദ്ധ്യാപക നിയമനങ്ങൾ നടക്കില്ല.
ഓരോ അദ്ധ്യയന വർഷവും സ്‌കൂളിലെ കുട്ടികളുടെ എണ്ണമനുസരിച്ച് അദ്ധ്യാപകരെ മാറ്റി സ്ഥാപിക്കുന്നതിനും അധിക നിയമനവും നടത്തുന്നതിനാണ് തസ്തികാ നിർണ്ണയം നടത്തുന്നത്. എ.ഇ.ഒമാരും ഡി.ഇ.ഒമാരും അധിക തസ്തിക നിർദ്ദേശിച്ച സ്കൂളുകളിൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പരിശോധനയേ പൂർത്തിയായിട്ടുള്ളൂ. ഇവ പൊതുവിദ്യാഭ്യാസ വകുപ്പ് തലത്തിൽ കൂടി പരിശോധിക്കണം. ധനകാര്യ വകുപ്പിന്റെ തീരുമാനത്തിന് വിധേയമായാവും അദ്ധ്യാപക തസ്തികകളുടെ എണ്ണത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക.
ഇതിനുള്ള കാലതാമസം കാലാവധി കഴിയാറായ പി.എസ്.സി ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിച്ചേക്കും. നൂറു കണക്കിന് പേരാണ് ഇതോടു കൂടി ഭീതിയിലായിരിക്കുന്നത്.
Discussion about this post