ലണ്ടൻ : ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകനുമായ ആര്യൻ ബംഗാർ. താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പൂർണ്ണമായും സ്ത്രീയായി മാറിയിരിക്കുന്നു. വേദനയോടെയാണെങ്കിലും ക്രിക്കറ്റ് ഉപേക്ഷിക്കുകയാണ് എന്നായിരുന്നു ആര്യൻ ബംഗാർ വെളിപ്പെടുത്തിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ ദേശീയ താരവും മുൻ ഇന്ത്യൻ ദേശീയ ടീമിന്റെയും വിവിധ ഐപിഎൽ ടീമുകളുടെയും ബാറ്റിംഗ് പരിശീലകനും ആയിരുന്നു ആര്യന്റെ പിതാവ് സഞ്ജയ് ബംഗാർ. യുകെയിൽ താമസിക്കുന്ന ആര്യൻ നേരത്തെ ഇംഗ്ലണ്ടിലെ പ്രാദേശിക ക്രിക്കറ്റ് ക്ലബായ ഇസ്ലാം ജിംഖാനയ്ക്ക് വേണ്ടി കളിച്ചിരുന്ന താരമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീയായി മാറിയ ആര്യൻ ‘അനായ ബംഗാർ’ എന്ന പുതിയ പേരും സ്വീകരിച്ചു.
ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ആര്യൻ ലിംഗമാറ്റത്തിലൂടെ പൂർണ്ണമായും സ്ത്രീയായി മാറിയിരിക്കുന്നത്. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. തന്റെ ശരീരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. കരുത്ത് അല്പം കുറഞ്ഞു. എന്നാൽ സന്തോഷം ഏറെ വർദ്ധിച്ചു. ഇനിയും ഏറെ ദൂരം പോകാൻ ഉണ്ട്. എന്നാൽ ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ കഴിയാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുകയാണ് എന്നായിരുന്നു ആര്യൻ സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
Discussion about this post