മുംബൈ; ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിന് അർത്ഥം അവർ സെക്‌സിന് താത്പര്യപ്പെടുന്നുന്നു എന്ന് അല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെ അദ്ധ്യക്ഷനായ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.
ഗുൽഷർ അഹമ്മദ് എന്നയാളിനെതിരെയുള്ള ബലാത്സംഗ കേസിൽ 2021 മാർച്ചിൽ മഡ്ഗാവ് ട്രയൽ കോടതി പുറപ്പെടുവിച്ച വിധി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ പരാമർശം. ഹോട്ടലിൽ മുറിയെടുക്കാൻ സ്ത്രീ പ്രതികൾക്കൊപ്പം ഉണ്ടായിരുന്നതിനാൽ ലൈംഗികബന്ധത്തിന് സ്ത്രീ സമ്മതം നൽകിയതായി കണക്കാക്കാം എന്നായിരുന്നു 2021 ൽ കേസ് പരിഗണിക്കവേ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയത്. ഇക്കാരണത്താൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.
ഹോട്ടൽ മുറിയിൽ പ്രതിയ്‌ക്കൊപ്പം അകത്ത് കടന്നാൽ പോലും അത് ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല സംഭവം നടന്ന ഉടനെ തന്നെ യുവതി പരാതി നൽകുകയും ചെയ്തു. യുവതിയ്ക്ക് പ്രതി വിദേശ തൊഴിൽ വാഗ്ദാനം നൽകുകയും അതിന്റെ ആവശ്യങ്ങൾക്കായി ഒരു ഏജൻസിയുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേന യുവതിയെ ഹോട്ടൽ മുറിയിലെത്തിക്കുകയായിരുന്നു, മുറിയിൽ കയറിയ ഉടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. പ്രതി കുളിമുറിയിൽ പോയ സമയത്ത് ഹോട്ടൽ മുറിയിൽ നിന്ന് പുറത്ത് കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമായിരുന്നു യുവതി പോലീസിന് മൊഴി നൽകിയത്.
Discussion about this post