തൃശൂർ: സൈബർ തട്ടിപ്പ് വ്യാപകമാവുകയാണ് നമ്മുടെ രാജ്യത്ത്. ഓൺലൈനിൽ കൂടെ ആരെയും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യില്ലെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടും പറ്റിക്കപ്പെടുന്നവരുടെ എണ്ണം അതുപോലെ തന്നെ നിൽക്കുകയാണ്. പല വേഷത്തിലും ഭവത്തിലുമാണ് തട്ടിപ്പുകാർ അവരുടെ പ്രവർത്തനത്തിനിറങ്ങിയിരിക്കുന്നത്. എന്നാൽ അങ്ങനെയൊരു തട്ടിപ്പിനിറങ്ങി പണി കിട്ടിയ ഒരു വാർത്തയാണ് തൃശൂരിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.
മുംബയ് പൊലീസിലെ ഓഫീസറെന്ന പേരിൽ തൃശൂർ സൈബർ സെല്ലിൽ വിളിച്ച് സൈബർ തട്ടിപ്പിന് ശ്രമിച്ച യുവാവാണ് കുടുങ്ങിയിരിക്കുന്നത്. പൊലീസ് യൂണിഫോമിൽ ക്യാമറ നേരെ വയ്‌ക്കാൻ ആവശ്യപ്പെട്ട് മുംബയിൽ നിന്നുള്ള യുവാവ് വിളിച്ചത് തൃശൂർ പൊലീസ് സൈബർ സെൽ എസ്.ഐ ഫിസ്‌റ്റോ ടി.ഡിയെയാണ്. എവിടെയാണുള്ളതെന്നും ക്യാമറ നേരെയാക്കി വയ്‌ക്കണം എന്നും യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് തന്റെ ഫോണിലെ ക്യാമറ ശരിയല്ലന്നു പറഞ്ഞു കൊണ്ട് എസ് ഐ തന്റെ മുഖം കാണിക്കുകയായിരുന്നു.
ശരിക്കുള്ള പൊലീസിന്റെ മുന്നിലാണ് പെട്ടത് എന്നറിഞ്ഞ കള്ള പൊലീസ് ഞെട്ടി. നമസ്‌കാരം പറഞ്ഞ് തടിതപ്പാൻ ശ്രമിച്ച യുവാവിനോട് തൃശൂർ സൈബർ സെല്ലിലാണ് ഇതെന്നും തട്ടിപ്പുകാരന്റെ ലൊക്കേഷനും അഡ്രസുമെല്ലാം തന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നും പോലീസ് തുറന്നു പറഞ്ഞതോടെ കള്ളൻ കുടുങ്ങുകയായിരുന്നു
സംഭവത്തിന്റെ വീഡിയോ തൃശൂർ സിറ്റി പൊലീസിന്റെ ഇൻസ്‌റ്റ അക്കൗണ്ടിൽ ഷെയർ ചെയ്‌തപ്പോൾ നിരവധി രസകരമായ കമന്റുകളാണ് ലഭിച്ചത്. തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ, തീപ്പെട്ടിയില്ല പകരം തീയിരിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Discussion about this post