ആഡിസ് അബാബ: കരയിലെ ഏറ്റവും വലിയ ജീവിയാണ് ആഫ്രിക്കൻ ആന. വലിപ്പത്തിൽ മാത്രമല്ല ബുദ്ധിശക്തിയിലും കേമന്മാരാണ് ആഫ്രിക്കൻ ആനകൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആഫ്രിക്കൻ വനാന്തരങ്ങളാണ് ഈ ആനകളുടെ വാസകേന്ദ്രം. മുറം പോലെ പരന്ന ചെവികൾ, നീണ്ട കൊമ്പുകൾ, ചാരനിറത്തിലുള്ള ശരീരം എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. സമൂഹമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവി വർഗ്ഗമാണ് ആഫ്രിക്കൻ ആന. എന്നാൽ അടുത്തുതന്നെ ഇവയുടെ ഈ ജീവിത രീതിയ്ക്ക് വിരാമം ഉണ്ടാകുമെന്നാണ് വിവരം. ആഫ്രിക്കൻ ആനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതാണ് ഇതിന് കാരണം.
കൊളറാഡോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ആയ ജോർജ് വിറ്റിമ്യർ ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ ആണ് കണ്ടെത്തൽ. രാജ്യത്ത് നേരത്തെ ഉണ്ടായിരുന്ന ആനകളിൽ പകുതിയോളം അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ് അദ്ദേഹം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ആഫ്രിക്കൻ ആനകളിലെ രണ്ട് പ്രധാന സ്പീഷീസുകളാണ് സാവന്നയും ഫോറസ്റ്റും. ഈ രണ്ട് സ്പീഷിസുകളും ഏറെക്കുറെ നശിച്ചുപോയി എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സാവന്ന ആനകളുടെ എണ്ണത്തിൽ ശരാശരി 77 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഫോറസ്റ്റ് വിഭാഗത്തിൽപ്പെട്ട ആനകളുടെ എണ്ണത്തിൽ ശരാശരി 90 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. മുഴുവൻ സ്പീഷീസുകളും പരിഗണിക്കുമ്പോൾ ആകെ എണ്ണത്തിൽ നിന്നും ശരാശരി 70 ശതമാനം ആനകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചില സംരക്ഷിത മേഖലകളിൽ ആനകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്നും ഇവർ പറയുന്നു.
ആനകളുടെ എണ്ണത്തിൽ ഇത്രയേറെ കുറവ് വരാൻ ഉണ്ടായ കാരണവും ഇവർ വ്യക്തമാക്കുന്നത്. വേട്ടയാടലാണ് ആനകളുടെ എണ്ണം കുറയാൻ ഉണ്ടായ കാരണം എന്നാണ് ജോർജ് വിറ്റിമ്യർ സാക്ഷ്യപ്പെടുത്തുന്നത്. കൊമ്പിനായി ആഫ്രിക്കൻ ആനകൾ വ്യാപകമായി വേട്ടയാടപ്പെടുന്നു. ഇതിന് പുറമേ കാടുകൾ കയ്യേറിയുള്ള കൃഷിയും ആനകളുടെ എണ്ണം കുറയാൻ കാരണം ആയി. വാസസ്ഥലത്തിൽ ഉണ്ടായ വ്യത്യാസം ആണ് ഇവിടെ ഇവയുടെ നാശത്തിന് കാരണം ആയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post