തിരുവനന്തപുരം: പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ ജി.പി.എസായ ‘നാവികി”ന്റെ സേവനം ജനങ്ങളിലേക്കുത്തുന്നു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് പുതിയ നടപടി. 2014 മുതൽ പ്രതിരോധസേവനങ്ങൾക്കും, 2019 മുതൽ ദേശീയ ലോജിസ്റ്റിക് സേവനങ്ങൾക്കും നാവിക് ഉപയോഗിക്കുന്നുണ്ട്.
അതേസമയം 2020 മുതൽ ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഉപഗ്രഹങ്ങളിലെ അറ്റോമിക് ക്ളോക്കിന്റെ കൃത്യതക്കുറവ് കാരണം കഴിഞ്ഞില്ല.എന്നാൽ ഈ തകരാർ കഴിഞ്ഞ മേയിൽ പൂർത്തിയായിരുന്നു. ഇതിനെ തുടർന്നാണ് നാവിക് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. നിലവിൽ അമേരിക്ക, റഷ്യ, യൂറോപ്പ്, ചെെന തുടങ്ങിയ രാജ്യങ്ങൾക്കാണ് സ്വന്തം ഗതിനിർണയ സംവിധാനമുള്ളത്.
നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ എന്നതിൻ്റെ ചുരുക്കെഴുത്താണ് നാവിക്. മുമ്പ് ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്നാണ് വിളിച്ചിരുന്നത്. ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും കൃത്യമായ സ്ഥാനനിർണ്ണയവും സമയ വിവരങ്ങളും നൽകുന്നതിനായി ISRO രൂപകൽപ്പന ചെയ്ത ഒരു സ്വതന്ത്ര ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ സംവിധാനമാണിത്.
നാവിക് സിസ്റ്റത്തിൽ ഏഴ് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടവും 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ ഒരു ശൃംഖലയും ഉൾപ്പെടുന്നു. കൂടാതെ രാജ്യത്തിൻറെ ചുറ്റും 1500 കിലോമീറ്റർ ചുറ്റളവിലാണ് നാവികിന്റെ റേഞ്ച് വരുന്നത്.
“പൊതു ജനങ്ങൾക്ക് വിട്ടു കൊടുക്കുന്നതിലൂടെ GPS, GLONASS, Galileo, BeiDou തുടങ്ങിയ ആഗോള നാവിഗേഷൻ സിസ്റ്റങ്ങൾക്ക് ആശ്രയയോഗ്യമായ ഒരു ബദലായി നാവികിനെ മാറ്റാൻ ആണ് ഐ എസ് ആർ ഓ ഉദ്ദേശിക്കുന്നത്. ഇത് ഇന്ത്യ നാവിഗേഷൻ സംവിധാനങ്ങൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും രാജ്യത്തിൻ്റെ കഴിവുകൾ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
സെൽഫ് ഡ്രൈവിംഗ് കാറുകൾ, ഡ്രോണുകൾ, സ്മാർട്ട് സിറ്റി സംവിധാനങ്ങൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഈ നീക്കം സഹായിക്കും.ഇത്തരം സാങ്കേതികവിദ്യകൾ സുഗമമായി പ്രവർത്തിക്കുന്നതിന് കൃത്യവും വിശ്വസനീയവുമായതും, അതോടൊപ്പം തന്നെ ആഭ്യന്തരവുമായ നാവിഗേഷൻ സംവിധാനങ്ങൾ ആവശ്യമാണ്. അതാണ് ഐ എസ് ആർ ഓ നാവിക്കിലൂടെ ലക്‌ഷ്യം വെക്കുന്നത്.
Discussion about this post