ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെയും ടെലിഗ്രാമിന്റെയും ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ കണ്ടുവരുന്ന ഗുരുതര സുരക്ഷാപ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. ഒരാള്‍ അയക്കുന്ന മീഡിയാ ഫയലുകള്‍ അത് ഫോട്ടോയോ വീഡിയോയോ ആകട്ടെ ഇവ ഫയല്‍ മാനേജര്‍ ആപ്പ് ഉപയോഗിച്ച് അനധികൃതമായി മാറ്റി മറ്റൊന്നാക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോംഗോയില്‍ ജോലിചെയ്യുന്ന മലയാളി സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍ കെ.ജി. ഓമനക്കുട്ടന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
സമാനമായ വിഷയം ഉന്നയിച്ചുള്ള റിട്ട് ഹര്‍ജി 2021-ല്‍ കേരളാ ഹൈക്കോടതി തള്ളിയകാര്യവും ഈ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതിനാല്‍ തന്നെ അതേ ആവശ്യം ഉന്നയിക്കുന്ന റിട്ട് ഹര്‍ജിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചിത്രമോ വീഡിയോയോ മാറ്റി മറ്റൊന്നാക്കാന്‍ സാധിക്കുക വഴി സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നതെന്നായിരുന്നു ഹര്‍ജിയിലെ ചൂണ്ടിക്കാട്ടല്‍.
കൂടാതെ സത്‌പേര്, അന്തസ്സ് എന്നിവയ്ക്കും നീതിയുക്തമായ അന്വേഷണത്തിനും വിചാരണയ്ക്കുമുള്ള അവകാശവും ലംഘിക്കപ്പെടുകയാണെന്ന് അഡ്വ. എം.ആര്‍. അഭിലാഷ് വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Discussion about this post