വാണ്ടറേഴ്‌സ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വാണ്ടറേഴ്‌സിൽ നടക്കുന്ന നാലാം ടി 20 മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ. മലയാളി താരം സഞ്ജു സാംസണും, തിലക് വർമയും അഴിഞ്ഞാടിയ മത്സരത്തിൽ നിശ്ചിത 20 ഓവർ പൂർത്തിയാക്കിയപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എടുത്തു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ബാറ്റ്സ്മാൻ മാരായ തിലക് വർമയും സഞ്ജു സാംസണും ബാറ്റ് ചെയ്യുമ്പോൾ കാർണേജ് എന്ന വാക്കാണ് ഏറ്റവും കൂടുതൽ കമെന്റേറ്റർമാർ ഉപയോഗിച്ച് കൊണ്ടിരുന്നത്. കൂട്ടക്കൊല എന്നാണ് ആ വാക്കിനർത്ഥം. അക്ഷരാർത്ഥത്തിൽ സൗത്ത് ആഫ്രിക്കൻ ബൗളർമാരുടെ ശവപ്പറമ്പ് ആവുകയായിരുന്നു വാണ്ടറേഴ്‌സ്.
തിലക് 47 പന്തിൽ 120 റൺസുമായി പുറത്താകാതെ നിന്നപ്പോൾ സാംസൺ 56 പന്തിൽ 109 റൺസുമായി പുറത്താകാതെ നിന്നു. സാംസൺ ഒമ്പത് സിക്‌സും ആറ് ഫോറും പറത്തിയപ്പോൾ തിലക് 10 സിക്‌സും ഒമ്പത് ഫോറും പറത്തി.
ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡാണ് സാംസൺ സ്വന്തമാക്കിയത്. ഐസിസിയിലെ മുഴുവൻ അംഗങ്ങൾ തമ്മിലുള്ള ഒരു മത്സരത്തിൽ ഒരേ ഇന്നിംഗ്‌സിൽ രണ്ട് ബാറ്റ്‌സ്മാൻമാർ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്.
നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ പൂർണ്ണമായും ശരി വെക്കും വിധമായിരുന്നു രണ്ട് ഓപ്പണര്മാരും ബാറ്റ് വീശിയത്.
അഭിഷേക് ശർമ്മയ്‌ക്കൊപ്പം 35 പന്തിൽ 73 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് സാംസൺ പുറത്തെടുത്തത്. 18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമ്മ പവർ പ്ലേയ് തീരാൻ വെറും രണ്ട് ബൗൾ മാത്രമുള്ളപ്പോൾ ലൂത്തോ സിപാംലയുടെ പന്തിൽ വീഴുകയായിരുന്നു. എന്നാൽ യഥാർത്ഥ താണ്ഡവം തുടങ്ങാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. വെറും 12 ഓവറിൽ 160 റൺസ് പിന്നിട്ട ഇന്ത്യ പിന്നീട് 14 ഓവറിൽ 200 കടന്നു. തുടർന്നുള്ള 6 ഓവറിൽ ഏതാണ്ട് 14 റൺ പ്രതി ഓവറിൽ ഇന്ത്യൻ സ്‌കോർ 283 ൽ എത്തുകയായിരുന്നു കടക്കുകയായിരുന്നു
Discussion about this post