ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഝാൻസി ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചികിത്സയിലുള്ള കുഞ്ഞുങ്ങൾ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഈ വേദന താങ്ങാനുള്ള ശക്തി അവരുടെ കുടുംബത്തിന് നൽകട്ടെ. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഹൃദയം തകർക്കുന്നു. ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തം ഹൃദയഭേദകമാണ്. ഇതിൽ നിരപരാധികളായ കുട്ടികളെ നഷ്ടപ്പെട്ടവർക്ക് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അവർക്ക് ശക്തി നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ ഭീമമായ നഷ്ടം വഹിക്കാൻ, സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യവകുപ്പും പ്രത്യേക അന്വേഷണം നടത്തും. പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആശുപത്രി അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത് എന്ന് അധികൃതർ അറിയിച്ചു.
Discussion about this post