പത്തനംതിട്ട: ഇന്നലെ വൃശ്ചികം ഒന്നിന് മാത്രം ശബരമിലയിലെത്തിയത് വിപിഐപികളടക്കം 30687 പേർ. വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായി. ഇത് വലിയ നടപ്പന്തലിൽ ഭക്തർ ക്യൂ നിൽക്കേണ്ട സാഹചര്യം കുറച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമല ദർശനം ആരംഭിച്ചതു മുതൽ മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തുന്നത്. ഇതുവരെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്‌പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535.
ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ദർശനം ആരംഭിച്ചത് മുതൽ രാത്രി 12 മണിവരെ എത്തിയത് 28,814 പേരാണ്. 15ന് രാത്രി 12 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ 54,615 ഭക്തർ ദർശനം നടത്തി.
Discussion about this post