ഉറക്കമില്ലാത്തതിന്റെ പേരില്‍ ഡോക്ടര്‍ ആറ് മണിക്കൂറിനുള്ളില്‍ 20 തവണയിലധികം അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. കാമുകനായ ഡോക്ടറാണ് യുവതിയുടെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണത്രേ ഇയാള്‍ തുടര്‍ച്ചയായി കാമുകിയ്ക്ക് അനസ്‌തേഷ്യ നല്‍കിയത്. സംഭവത്തിന് പിന്നാലെ കാമുകനായ ഡോക്ടര്‍ക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാങ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇയാളുടെ കാമുകിയായ ചെന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 2022 -ലാണ് ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്‌ഫോം വഴി ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച് ഡോക്ടര്‍ കൂടിയായ കാമുകനോട് വെളിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിനായി തനിക്ക് അനസ്‌തേഷ്യ നല്‍കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മാര്‍ച്ച് 6 -ന്, രാത്രി 11 മണി മുതല്‍ പിറ്റേന്ന് രാവിലെ 5 മണി വരെ ആറ് മണിക്കൂറില്‍ ക്യു ഏകദേശം 1,300 മില്ലിഗ്രാം പ്രൊപ്പോഫോള്‍ അനസ്‌തേഷ്യ മരുന്ന് 20 -ലധികം തവണകളായി ചെന്നിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. ഇതുകൂടാതെ മാര്‍ച്ച് ഏഴിന് രാവിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ക്യു കാമുകിക്ക് സ്വന്തമായി ഉപയോഗിക്കാനായി 100 മില്ലിഗ്രാം പ്രൊപ്പോഫോള്‍ കൂടി നല്‍കി. പിന്നീട് മുറിയില്‍ തിരിച്ചെത്തിയ ക്യൂ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ചെന്നിനെയാണ്.
വൈദ്യപരിശോധനയില്‍ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിന്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post