എക്കാലത്തും ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുതമാണ് ഈജിപ്തിലെ പിരമിഡുകൾ.ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഇത് സന്ദർശിക്കാനായി മാത്രം ഈജിപ്തിലേക്ക് എത്തുന്നു. പിരമിഡുകളിൽ ഗിസയിലെ പിരമിഡാണ് ഈജിപ്തിലെ പിരമിഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഗിസയിലെ ഈ പിരമിഡ് കാണാനെത്തുന്നവർക്കിടയിൽ ഇപ്പോൾ ഒരു തെരുവുനായയാണ് താരം. അപ്പോളോ എന്ന തെരുവുനായ. എന്തുകാര്യമാണ് അപ്പോളോയെ ഇത്തരത്തിൽ പ്രശസ്തനാക്കിയത്.
ഖാഫ്രെയുടെ പിരമിഡിൽ നിന്ന് ചിത്രീകരിച്ച ഒരു വീഡിയോ പുറത്തുവന്നതോടെയാണ് അപ്പോളോ ഒരു താരമായത്. അമേരിക്കൻ പാരാഗ്ലൈഡറായ അലക്സ് ലാങ് ആണ് വീഡിയോ ചിത്രീകരിച്ചത്. 136 മീറ്റർ ഉയരമുള്ള ഖാഫ്രെയുടെ പിരമിഡിന് മുകളിലേക്ക് കടുത്ത ചൂട് വകവെക്കാതെ ഓടിക്കയറിയെത്തിയ അപ്പോളോയുടെ ദൃശ്യമാണ് അലക്സ് പകർത്തിയത്.
പിരമിഡിന്റെ ഏറ്റവും മുകളിലെത്തിയ അപ്പോളോയെ ‘രാജാവ്’ എന്നാണ് അന്ന് അലക്സ് വിശേഷിപ്പിച്ചത്.
പിരമിഡിനെ കാൽചുവട്ടിലാക്കിയ അപ്പോളോയുടെ ദൃശ്യങ്ങൾ അതിവേഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഇതോടെ പിരമിഡിനൊപ്പം അപ്പോളോയും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി. നിരവധി വിനോദസഞ്ചാരികളാണ് അപ്പോളോയെ കാണാനായി ചുറ്റും കൂടുന്നത്. അപ്പോളോയെ ‘പിരമിഡ് പപ്പി’ എന്നും ചിലർ വിളിക്കുന്നുണ്ട്.
അതേസമയം, എട്ടോളം തെരുവുനായ്ക്കളാണ് ഈ പിരമിഡിന് സമീപം ചുറ്റിക്കറങ്ങുന്നത്. അവരുടെ നേതാവാണ് മൂന്നുവയസുകാരനായ അപ്പോളോ. അപ്പോളോയെ കാണാൻ നിരവധി സഞ്ചാരികളെത്തിയതോടെ തങ്ങൾക്ക് കച്ചവടം കൂടിയതായി പിരമിഡിന് സമീപത്തെ കടക്കാർ പറഞ്ഞു.
Discussion about this post