ബ്രസീലിയ : യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ബ്രസീലിൽ നടക്കുന്ന ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ മോദി എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ടുമുട്ടുന്നതിൽ എപ്പോഴും സന്തോഷമുണ്ട് എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഹസ്തദാനം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറാലാവുന്നുണ്ട്. ത്രിരാഷ്ട്ര വിദേശ സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി ഉച്ചകോടിക്കായി ബ്രസീലിൽ എത്തിയത്. നവംബർ 16 മുതൽ 21 വരെ അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തുന്നത്.
നൈജീരിയ സന്ദർശനത്തിന് ശേഷം ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ എത്തിയത്. റിയോ ഡി ജനീറോയിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ സമൂഹം സംസ്‌കൃത കീർത്തനങ്ങളോടെയാണ് സ്വീകരിച്ചത്.
റിയോ ഡി ജനീറോയിൽ എത്തിയപ്പോൾ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ഊഷ്മളവും സജീവവുമായ സ്വീകരണം ആഴത്തിൽ എന്നെ സ്പർശിച്ചു. സ്വീകരണത്തിന് ഒരുപാട് നന്ദി എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു .
Discussion about this post