വഡോദര: 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 41 രൂപ ഈടാക്കിയ കഫേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തന്നോട് ഇരട്ടിയിലധികം തുക ഈടാക്കിയെന്ന് കാണിച്ച് ഒരു യുവാവ് നല്‍കിയ പരാതിയിലാണ് നടപടി. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.
ജതിന്‍ വലങ്കര്‍ എന്നയാള്‍ ഗുജറാത്തിലെ വഡോദരയിലെ കബീര്‍സ് കിച്ചന്‍ കഫേ ഗാലറിക്കെതിരെയാണ് പരാതി നല്‍കിയത്. 750 മില്ലി കുപ്പി വെള്ളത്തിന് മെനുവില്‍ രേഖപ്പെടുത്തിയത് 39 രൂപയാണ്. എന്നാല്‍ കുപ്പിയുടെ എംആര്‍പി 20 രൂപ മാത്രമായിരുന്നു. അതേസമയം നികുതി ഉള്‍പ്പെടെയെന്ന് പറഞ്ഞ് 41 രൂപയാണ് ജതിനില്‍ നിന്ന് കഫേ ഈടാക്കിയത്.
അതായത് എംആര്‍പിയേക്കാള്‍ 21 രൂപ അധികം. തുടര്‍ന്ന് പരാതി നല്‍കിയതോടെ വഡോദര കണ്‍സ്യൂമര്‍ കമ്മീഷന്‍ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചു.
ജതിന് നഷ്ടപരിഹാരമായി 5000 രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കഫേയുടെ നടപടി അന്യായമെന്ന് വിലയിരുത്തിയ കോടതി, അധികമായി ഈടാക്കിയ 21 രൂപ തിരിച്ചുനല്‍കാനും ഏഴ് വര്‍ഷത്തേക്ക് ഒന്‍പത് ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടു. ഇതോടൊപ്പം കോടതി ചെലവായി 2000 രൂപ നല്‍കണമെന്നും കഫേയ്ക്ക് ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ഉപഭോക്താക്കളില്‍ നിന്ന് എംആര്‍പിയോക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പലയിടത്തും കാണാറുണ്ട്. ഉപഭോക്താക്കളെ കൊള്ളയടിക്കാതെ ബിസിനസ് നീതിപൂര്‍വ്വം നടത്തണമെന്ന് ഓര്‍മപ്പെടുത്താനായിരുന്നു തന്റെ നിയമപോരാട്ടമെന്ന് ജതിന്‍ പ്രതികരിച്ചു.
Discussion about this post