ഡല്‍ഹി: യേശുദേവന് തമിഴനാണെന്ന് പറയുന്ന ക്രൈസ്റ്റ് പരിചയ് എന്ന മറാത്തി പുസ്തകം പുനഃപ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.
വീര്‍ സവര്‍ക്കറുടെ സഹോദരനായ ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍ എഴുതിയ പുസ്തകത്തിലാണ് യേശുക്രിസ്തുവിനെ തമിഴ് ഹിന്ദുവായി ചിത്രീകരിച്ചിരിക്കുന്നത്. യേശുദേവന് ജനനം കൊണ്ട് വിശ്വകര്‍മ ബ്രാഹ്മണനാണെന്നും ഹൈന്ദവമതത്തിന്റെ ഒരു ഉപാസനാരീതിയാണ് ക്രൈസ്തവ മതമെന്നും പുസ്തകത്തില്‍ പറയുന്നു.
പുസ്തകം ഈ മാസം 26ന് വിപണിയിലെത്തും.കശ്മീരിലെത്തിയ യേശുദേവന് 49 വയസ് വരെ ജീവിച്ചിരുന്നു. ഇസാ നാഥ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ക്രിസ്തുദേവന്റെ പ്രബോധനമല്ല ബൈബിളെന്നും പറയുന്നു.
യേശുദേവന് പ്രബോധിപ്പിച്ച ക്രൈസ്തവീയത മറ്റൊരു മതമല്ല. മാത്രമല്ല, ക്രൂശീകരണം അതിജീവിച്ചശേഷം ക്രിസ്തുദേവന് കശ്മീരിലേക്കാണ് എത്തിയതെന്നും അവിടെ ശിവഭഗവാനോടു പ്രാര്‍ഥിച്ചെന്നും അവസാന കാലം വരെ ഹിമാലയത്തില്‍ ചെലവഴിച്ചെന്നും പറയുന്നു. കൂടാതെ, പലസ്തീന് അറബ് ഭാഷ തമിഴിന്റെ ഒരു വകഭേദമാണെന്നും യേശുവിന്റെ പിതാവ് ജോസഫിന്റെ പേര് വന്നത് തമിഴില്‍ നിന്നാണെന്നും പുസ്തകത്തില്‍ പറയുന്നു.
ഗണേഷ് സര്‍വര്‍ക്കറുടെ ചെറുമകന് രഞ്ജിത് സവര്‍ക്കറാണ് ഈ പുസ്തകം ഇപ്പോള്‍ പുനഃപ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നത്. മുംബൈ ആസ്ഥാനമായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക ട്രസ്റ്റാണ് പുസ്തകം പുനഃപ്രസിദ്ധീകരിക്കാന്‍ പോകുന്നത്.
ക്രൂശിതനായ യേശുദേവനെ ആധ്യാത്മിക ശാസ്ത്രത്തിലൂടെയും യോഗയിലൂടെയും മരുന്നു ചെടികളിലൂടെയുമാണ് രക്ഷിച്ചെടുത്തത്. പിന്നീട് കശ്മീരിലെത്തിക്കുകയായിരുന്നു. യേശുവിനെ സംസ്കരിച്ച സ്ഥലത്ത് കല്ലറ പണിതിരുന്നെന്നും യേശുവിന്റെ േപര് അതില്‍ ചേര്‍ത്തിരുന്നെന്നും പുസ്തകത്തില്‍ അവകാശപ്പെടുന്നു. അറേബ്യന്‍ നാട് ഹിന്ദുനാടായിരുന്നു, ജൂതന്മാര് ഹിന്ദുക്കളായിരുന്നു. അറബി ഭാഷയില്‍ ധാരാളം സംസ്കൃത, തമിഴ് പദങ്ങളുണ്ട്. യേശുദേവന്റെ കുടുംബം ഇന്ത്യന്‍ വസ്ത്രധാരണരീതിയാണ് പിന്തുടര്ന്നത്. ഹൈന്ദവ ചിഹ്നങ്ങള്‍ അവരുടെ ശരീരത്തിലുണ്ടായിരുന്നു, സവര്‍ക്കര്‍ പറയുന്നു.
അതേസമയം, 70 വര്‍ഷങ്ങള്‍ക്കു ശേഷം പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നതിനു പിന്നില്‍ യാതൊരു ദുരുദ്ദേശ്യവും ഇല്ലെന്ന് രഞ്ജിത് സവര്‍ക്കര്‍ അറിയിച്ചു. തന്റെ മുത്തച്ഛന് എഴുതിയ പുസ്തകമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളൊന്നും ലഭിക്കാറില്ല. അതുകൊണ്ട് പുനഃപ്രസിദ്ധീകരിക്കുന്നു.
‘പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഗവേഷണം നടത്തിയിരുന്നു. പുസ്തകത്തില്‍ എഴുതിയിരിക്കുന്നവ പുതിയ വിവരങ്ങളല്ല. എല്ലാവര്ക്കും ഇതേക്കുറിച്ച് അറിയാം’, രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
Discussion about this post