ജിദ്ദ : ഐപിഎൽ 2025 മെഗാ ലേലത്തിൽ ഇതുവരെയുള്ള ഏറ്റവും വിലയേറിയ താരമായി ഋഷഭ് പന്ത്. ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് ആണ് ഋഷഭ് പന്തിനെ സ്വന്തമാക്കിയിരിക്കുന്നത്. 27 കോടി രൂപയ്ക്കാണ് മുൻ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിനെ ലക്‌നൗ സ്വന്തമാക്കിയത്.
മെഗാ ലേലത്തിൽ പല പ്രമുഖ ടീമുകളും ഋഷബ് പന്തിനായി കളത്തിലിറങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് പന്തിനായി ആദ്യം രണ്ട് കോടി രൂപയാണ് ഉയർത്തിയത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ലേലത്തിൽ ചേർന്നതോടെ വില ഉയർന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും പ്രാരംഭ ഘട്ടത്തിൽ കുറച്ച് സമയത്തേക്ക് വന്നെങ്കിലും എൽഎസ്‌ജിയും ആർസിബിയും ബിഡ് തുടർന്നതോടെ പിന്മാറി. സൺറൈസേഴ്‌സ് ഹൈദരാബാദും എൽഎസ്ജിയുമായുള്ള ബിഡ്ഡിംഗ് യുദ്ധത്തിൽ വില പിന്നെയും ഉയരുകയായിരുന്നു. ഒടുവിലാണ് ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 27 കോടി രൂപയ്ക്ക് എൽഎസ്ജി പന്തിനെ സ്വന്തമാക്കിയത്.
2016 മുതൽ ഒമ്പത് വർഷം പന്ത് ഡൽഹി ക്യാപിറ്റൽസിനൊപ്പമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിരുന്നത്. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് അദ്ദേഹം കളിച്ച ഒരേയൊരു ടീം ഡിസിയായിരുന്നു. പന്തിൻ്റെ കീഴിൽ ഡൽഹി 2021ൽ പ്ലേ ഓഫിലും എത്തിയിരുന്നു.
Discussion about this post