ന്യൂഡൽഹി : പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി ഒരുക്കി കേന്ദ്ര സർക്കാർ. നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് (എൻഎംഎൻഎഫ്) എന്ന കേന്ദ്രത്തിന്റെ ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2481 കോടി രൂപ ഈ പദ്ധതിക്കായി നീക്കി വയ്ക്കും എന്നും കേന്ദ്ര മന്ത്രിസഭായോഗം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആണ് കേന്ദ്ര മന്ത്രിസഭായോഗം ചേർന്നത്. യോഗത്തിനുശേഷം വിവിധ പദ്ധതികളെ കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. പ്രാദേശിക കന്നുകാലികളെയും പ്രകൃതിദത്ത സങ്കേതങ്ങളെയും വൈവിധ്യമാർന്ന വിളകളെയും സമന്വയിപ്പിച്ച് രാസ രഹിത കൃഷിരീതിയായ പ്രകൃതിദത്ത ജൈവ കൃഷിയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന പദ്ധതിയാണ്
എൻഎംഎൻഎഫ് എന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായിട്ടാണ് എൻഎംഎൻഎഫ് ആരംഭിക്കുന്നത്. ഈ പദ്ധതിക്കായി 15-ാം ധനകാര്യ കമ്മീഷൻ (2025-26) വരെയുള്ള കേന്ദ്ര വിഹിതമായ 1,584 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്കായി നൽകും. പൂർവികമായും പാരമ്പര്യമായും ലഭിച്ച കൃഷിയെക്കുറിച്ചുള്ള പരമ്പരാഗത അറിവ് നടപ്പിലാക്കുന്നതിന് മിഷൻ ഊന്നൽ നൽകും. ഓരോ പ്രദേശത്തിൻ്റെയും തനതായ കാർഷിക-പരിസ്ഥിതിയ്ക്ക് അനുയോജ്യമായ കാർഷിക-പാരിസ്ഥിതിക തത്വങ്ങൾ ആയിരിക്കും പ്രകൃതിദത്ത കൃഷി ദേശീയ ദൗത്യം പിന്തുടരുക എന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
Discussion about this post