ആലപ്പുഴ: ആലപ്പുഴ ലിയോതേര്‍ട്ടീന്ത് എച്ച് എസ് എസിലെ 27 വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. സ്‌കൂളിന് അവധി നല്‍കി. 12 പേര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ് വണ്‍ സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്‌സിന്‍ (16), അഭിനവ് ജോസഫ് (16), ആര്‍ പി റിജോ (16), ഷാരോണ്‍ ടി ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്.
ശ്വാസംമുട്ടല്‍ നേരിട്ട ഷാരോണ്‍ ടി ജോസിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയില്‍ ഇരുത്തി ചികിത്സനല്‍കിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ദേശീയവിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നല്‍കാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു.
തിങ്കളാഴ്ച പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ ക്ലാസ് മുറിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. സഹപാഠികളായ അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവര്‍ക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്‌കൂളിലെത്തി ക്ലാസ് മുറികള്‍ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചില്‍ വില്ലനായത്.
നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ ബാഗുവെച്ച് പുറത്തിറങ്ങി കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഹയര്‍സെക്കന്‍ഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേക്ക് ചൊറിച്ചില്‍ പടര്‍ന്നതോടെ സ്‌കൂളിന് അവധി നല്‍കി.
അതേസമയം, സംസ്ഥാന സ്‌കുള്‍ ശാസ്‌ത്രോത്സവത്തിന്റെ പ്രധാനവേദികളിലൊന്നായ ലിയോതേര്‍ട്ടീന്ത് സ്‌കൂളിലെ ക്ലാസ് മുറിയില്‍ ടീച്ചിങ് എയ്ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളാണ് നടന്നത്. അതിനാല്‍ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച കെമിക്കലില്‍ നിന്നാണോ ഇതുണ്ടായതെന്ന് എന്ന സംശയവുമുണ്ട്.
Discussion about this post