ചെന്നൈ : തമിഴ്നാട്ടിൽ കനത്ത നാശം വിതച്ച് ഫെംഗല്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് മൂലം ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. റണ്‍വേയില്‍ വെള്ളം കയറിയതോടെ പതിനഞ്ച് വിമാനങ്ങളുടെ സർവീസ് തടസ്സപ്പെട്ടു. കാലാവസ്ഥ മോശമായതിനാല്‍ വിമാനങ്ങള്‍ ഇനിയും വൈകിയേക്കുമെന്നാണ് സൂചന.
ചുഴലിക്കാറ്റിനെ തുടർന്ന് കാഴ്‌ച പരിധി കുറഞ്ഞത് നിരവധി വിമാനങ്ങള്‍ക്ക് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങാന്‍ ബുദ്ധിമുട്ട് സൃഷ്‌ടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടെങ്കിലും കാലാവസ്ഥ ഇപ്പോഴും മോശമായി തുടരുന്നതിനാൽ വിമാന സർവീസുകൾ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തു.
ചെന്നൈയിലും തമിഴ്നാട്ടിലെ വടക്കന്‍ തീര ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത നാല് ദിവസത്തേക്ക് ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയുള്ളതെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ മാന്നാറിലും കന്യകുമാരിയിലും സമീപപ്രദേശങ്ങളിലും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post