തിരുവനന്തപുരം : ഡോക്ടർ സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകി ഗവർണർ. ഇതോടൊപ്പം തന്നെ കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിനും നല്‍കിയിട്ടുണ്ട്. രണ്ടിടത്തേക്കും സർക്കാർ സമർപ്പിച്ചിരുന്ന പട്ടിക വെട്ടിയാണ് ഗവർണർ നിയമനം നടത്തിയിരിക്കുന്നത്. ഇതോടെ പിണറായി സർക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി ഡിജിറ്റൽ സർവകലാശാലയുടെയും സാങ്കേതിക സർവ്വകലാശാലയുടെയും വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. നേരത്തെ സാങ്കേതിക സർവകലാശാലയുടെ താത്ക്കാലിക ചുമതലയിൽ സിസ തോമസിനെ ഗവർണർ നിയമിച്ചിരുന്നു. എന്നാൽ അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടർ സിസയ്ക്കെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. നടപടി സുപ്രീം കോടതി റദ്ദാക്കിയിട്ടും പെൻഷൻ പോലും നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല.
തുടർന്ന് രണ്ട് സർവകലാശാലകളിലെയും വിസിമാരെ നിയമിക്കുന്നതിനായി മൂന്നു പേരടങ്ങുന്ന ഒരു പാനൽ സർക്കാർ ഗവർണർക്ക് നൽകിയിരുന്നു. എന്നാൽ സർക്കാരിന്റെ ഈ പട്ടിക തള്ളിക്കൊണ്ടാണ് ഗവർണർ പുതിയ വിസിമാരുടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. കുസാറ്റ് ഷിപ് ടെക്നോളജി പ്രൊഫസറാണ് കെടിയു വിസി ആയി നിയമിക്കപ്പെട്ടിട്ടുള്ള ശിവപ്രസാദ്.
Discussion about this post