ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങള്‍ കടലിലെ ഗുണ്ടകളാണെന്ന് ശാസ്ത്രലോകം മുന്നമേ കണ്ടെത്തിയ വസ്തുതയാണ് ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലുന്നതും അതില്‍ അഭിമാനിക്കുന്നതുമൊക്കെ ഇവരുടെ പൊതുസവിശേഷതയാണ്. ഇപ്പോഴിതാ വിചിത്രമായ ഒരു വസ്തുത കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധര്‍. സാല്‍മണ്‍ മത്സ്യത്തെ കൊന്ന് തൊപ്പി പോലെ ഇവര്‍ തലയില്‍ കൊണ്ടുനടക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വളരെ യാദൃശ്ചികമായ ഒരു സംഭവം എന്ന നിലയില്‍ തഴയപ്പെട്ടു. ഇപ്പോഴിതാ അമ്പരപ്പിച്ചുകൊണ്ട് 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊലയാളി തിമിംഗലങ്ങള്‍ തലയില്‍ ചത്ത സാല്‍മണ്‍ മത്സ്യം ധരിച്ചിരിക്കുന്നതായി വീണ്ടും കണ്ടെത്തിയിരിക്കുകയാണ്.
ഇതോടെ ഇവര്‍ ഇത് യാദൃശ്ചികമായി ചെയ്യുന്നതല്ലെന്നും പരമ്പരാഗതമായി കൈമാറിപ്പോന്നഒരു ഫാഷന്‍ അല്ലെങ്കില്‍ ഭീഷണിപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് സാല്‍മണ്‍ തൊപ്പി ധരിക്കുന്നതെന്നും കണ്ടെത്തുകയായിരുന്നു.
ഡെഡ് സാല്‍മണ്‍ ഹാറ്റ് ട്രെന്‍ഡ് ആദ്യമായി കണ്ടത്തിയത് 1987ലാണ് വടക്കുകിഴക്കന്‍ പസഫിക്കിലെ പുഗെറ്റ് സൗണ്ട് ഏരിയയില്‍, കെ-പോഡില്‍ നിന്നുള്ള ഒരു പെണ്‍ ഓര്‍ക്കാ, ചത്ത സാല്‍മണിനെ മൂക്കില്‍ ചുമക്കാന്‍ തുടങ്ങി. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍, ഈ പെരുമാറ്റം പടര്‍ന്നു, പിന്നീട് അവളുടെ കൂട്ടത്തിലെല്ലാവരും അത് ധരിക്കാനാരംഭിച്ചു. പക്ഷേ സാല്‍മണുകളെ കിട്ടാതായ കാലത്ത് ഈ ട്രെന്‍ഡ് മാറി. പിന്നെയും ഈ മത്സ്യങ്ങള്‍ കൂട്ടത്തോടെ വന്നപ്പോള്‍ ഇവര്‍ ഈ ഫാഷന്‍ വീണ്ടും സ്വീകരിച്ചുതുടങ്ങി.
ചില വിദഗ്ധര്‍ ഇതൊരു ഫാഷനല്ല എന്നാണ് അഭിപ്രായപ്പെടുന്നത്. അവര്‍ പറയുന്നപ്രകാരം സാല്‍മണ്‍ സമൃദ്ധമായ സമയത്ത് പിടിക്കുന്ന അധിക സാല്‍മണ്‍ പിന്നീടുള്ള ഉപഭോഗത്തിനായി അവരുടെ തല സംഭരണ സ്ഥലമായി ഉപയോഗിക്കുന്നു എന്നതാണ്. അവരുടെ തല ഒരു ലഞ്ച് ബോക്‌സായി ഉപയോഗിക്കുന്നതായിരിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഇത് മാത്രമല്ല യുഎസ്എയുടെ പടിഞ്ഞാറന്‍ തീരത്ത്, മത്സ്യബന്ധന ഉപകരണങ്ങളുമായി കളിക്കുന്നതും ഞണ്ടിനെയും കൊഞ്ചിനെയും കെണിയില്‍ ചലിപ്പിക്കുന്നതുമൊക്കെ ഒരു കളിയെന്നോണം, ചെറിയ ഓര്‍ക്കാകള്‍ ചെയ്യാറുണ്ട്.
Discussion about this post