ന്യൂഡൽഹി : ലഷ്‌കർ ഇ തൊയ്ബ ഭീകരൻ സൽമാൻ ആർ ഖാനെ ഇന്ത്യക്ക് കൈമാറി റുവാണ്ട. ബംഗളൂരു കേന്ദ്രീകരിച്ച് തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര ഏജൻസികൾ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എൻഐഎയുടെയും സിബിഐയുടെയും ആവശ്യപ്രകാരം ഇൻ്റർപോൾ സൽമാനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മിഡിൽ ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നിന്നുമാണ് സൽമാൻ ഖാനെ പിടികൂടിയത്. തലസ്ഥാനമായ കിഗാലിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻ്റർപോളിൻ്റെ സഹായത്തോടെയാണ് ഇയാൾ പിടിയിലായത്. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിനും ആയുധ നിയമം, സ്‌ഫോടകവസ്തു വിരുദ്ധ നിയമം എന്നിവ പ്രകാരവുമാണ് കേന്ദ്ര ഏജൻസികൾ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
2023ൽ ബെംഗളൂരുവിൽ ഭീകരാക്രമണം നടത്താൻ സൽമാൻ ഖാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയിരുന്നു. ഈ സംഭവത്തിൽ ബംഗളൂരുവിലെ ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018-2022 കാലയളവിൽ പോക്‌സോ കേസിലും ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നു. സ്‌ഫോടകവസ്തുക്കൾ ശേഖരിച്ച് മറ്റ് തീവ്രവാദികൾക്കിടയിൽ വിതരണം ചെയ്ത കേസിലും പ്രതിയാണ് സൽമാൻ ഖാൻ.
Discussion about this post