ഗാന്ധിനഗർ : ഗുജറാത്തിലെ പുരാവസ്തു ഗവേഷണ സൈറ്റിലെ ഗുഹയിൽ കുടുങ്ങി ഗവേഷക വിദ്യാർഥിനി മരിച്ചു. ഐഐടി ഡൽഹിയിലെ വിദ്യാർത്ഥിനിയായ സുരഭി വർമ (23) ആണ് മരിച്ചത്. ഹാരപ്പൻ തുറമുഖ പട്ടണമായ ലോത്തലിൻ്റെ പുരാവസ്തു അവശിഷ്ടങ്ങൾക്ക് സമീപമാണ് സുരഭി അപകടത്തിൽപ്പെട്ടത്.
ഐഐടി ഡൽഹിയിൽ നിന്നുള്ള രണ്ട് ഗവേഷകരും ഐഐടി ഗാന്ധിനഗറിൽ നിന്നുള്ള നിരവധി ഗവേഷകരും അടങ്ങുന്ന ഒരു സംഘത്തിനൊപ്പമായിരുന്നു സുരഭി പര്യവേഷണ പ്രദേശത്ത് എത്തിയിരുന്നത്. പഠനത്തിനായി മണ്ണ് സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ നാലു പേരടങ്ങുന്ന സംഘം ചെറിയൊരു ഗുഹക്കുള്ളിൽ കുടുങ്ങുകയും മണ്ണിടിഞ്ഞ് വീണ് ഉള്ളിൽ അകപ്പെടുകയുമായിരുന്നു.
10 അടിയോളം താഴ്ചയുള്ള ഗുഹക്കുള്ളിൽ ആയിരുന്നു സുരഭി ഉൾപ്പെടെ നാലുപേർ കുടുങ്ങിയത്. മണ്ണിടിഞ്ഞ് വീണ് ഉള്ളിൽ കുടുങ്ങിയതോടെ സുരഭി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതായി പോലീസ് വ്യക്തമാക്കി. ഇവരുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്നുമുള്ള വിവരം.
Discussion about this post