2022ലാണ് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ പച്ച വെളിച്ചം തെളിഞ്ഞത്. 2022 WJ1 എന്നു പേരുനല്‍കിയ ഛിന്നഗ്രഹം പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ് അന്ന് തെക്കന്‍ ഒന്റാറിയോയില്‍ വെച്ചില്ലാതായത് എന്നാണ് പ്ലാനറ്ററി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് വെറും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഒരു പൂച്ചയുടെ വലിപ്പം മാത്രമേ ഈ ഗ്രഹത്തിന് ഉണ്ടായിരുന്നുള്ളു.
16 മുതല്‍ 24 ഇഞ്ച് വരെ (40 മുതല്‍ 60 സെന്റീമീറ്റര്‍ വരെ) വലുപ്പമുള്ള ഛിന്നഗ്രഹമായിരുന്നു ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള ആകാശത്തെ ഏകദേശം 10 സെക്കന്‍ഡോളം ഇത് പ്രകാശമാനമാക്കി. അരിസോണയിലെ കാറ്റലീന സ്‌കൈ സര്‍വേയില്‍ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞരാണ് ഛിന്നഗ്രഹം കണ്ടെത്തിയത്. തെക്കന്‍ ഒന്റാറിയോയിലും ന്യൂയോര്‍ക്ക്, ഒഹായോ എന്നിവയുള്‍പ്പെടെ അമേരിക്കയുടെ ചില ഭാഗങ്ങളിലും ഛിന്നഗ്രഹം ദൃശ്യമായിരുന്നു. ഈ സമയം ഉച്ചത്തിലുള്ള സോണിക് ബൂം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2022 WJ1 നേക്കാള്‍ ചെറിയ ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും ഓരോ ദിവസവും ഭൂമിയില്‍ പതിക്കുന്നുണ്ട്. എന്നാല്‍ അവയുടെ ഒന്നും വലിപ്പം കൃത്യമായി കണക്കാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാരണം ഇവ മുന്‍കൂട്ടി കാണുന്നത് തന്നെ അപൂര്‍വമാണ്.
Discussion about this post